കൊല്ലം: ആദ്യ വിവാഹം നിലനിൽക്കേ കാമുകിയെ വിവാഹം ചെയ്ത സി.പി.എം നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ഡി.വൈ.എഫ്.ഐ മുൻ ജില്ലാ പ്രസിഡന്റും പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റുമായിരുന്ന എസ്.സജീഷിനെയാണ് (38) സി.പി.എം പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കിയത്. ബ്ളോക്ക് പഞ്ചായത്തിലെ ജീവനക്കാരിയെയാണ് രണ്ടാമത് വിവാഹം ചെയ്തത്. വിവാഹിതയും രണ്ട് കുട്ടികളുടെ മാതാവുമായ ഇവരുമൊത്ത് യാത്രകൾ നടത്തുകയും അത് പാട്ടാവുകയും ചെയ്തപ്പോൾ പാർട്ടി വിലക്കിയിരുന്നു. എന്നാൽ അത് വകവയ്ക്കാതെ വീണ്ടും കാമുകിയുമായുള്ള ബന്ധം തുടർന്നപ്പോൾ പാർട്ടി വീണ്ടും ഇടപെട്ടു. വീട്ടിലെ പ്രശ്നങ്ങൾ തീർത്തിട്ട് വരാൻ പാർട്ടി ഉപദേശിച്ചു. അതിൻെറ ഭാഗമായി ആറ് മാസം മുമ്പ് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്നും പാർട്ടി ചുമതലകളിൽ നിന്നും മാറ്റി നിറുത്തി.
എന്നാൽ കാമുകിയുമായുള്ള ബന്ധം തുടരുകയും സബ് രജിസ്ട്രാർ ഓഫീസിൽ വച്ച് കാമുകിയെ വിവാഹം രജിസ്റ്റർ ചെയ്യുകയും ചെയ്തു. ആദ്യ വിവാഹം നേരത്തെ വേർപെടുത്തിയെന്ന നിലയിലായിരുന്നു രണ്ടാം വിവാഹം രജിസ്റ്റർ ചെയ്തത്. എന്നാൽ താനുമായുള്ള വിവാഹബന്ധം വേർപ്പെടുത്തിയിട്ടില്ലെന്ന് കാണിച്ച് ആദ്യ ഭാര്യ പരാതിയുമായി രംഗത്ത് എത്തിയതോടെയാണ് സംഭവത്തിന്റെ ഗതി മാറിയത്. ആദ്യ ഭാര്യ പാർട്ടി ജില്ലാ നേതൃത്വത്തിനും ജില്ലാ രജിസ്ട്രാർക്കും പരാതി നൽകി. ഇതിൻെറ അടിസ്ഥാനത്തിലാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. ആദ്യ വിവാഹബന്ധം നിലനിൽക്കേ വീണ്ടും വിവാഹം കഴിക്കുന്നത് നിയമപരമായി കുറ്റകരമായതിനാൽ ഇയാൾക്കെതിരെ നിയമപരമായ നടപടിയുണ്ടാകും.
സി.പി.എം പത്തനാപുരം ഏരിയാ കമ്മിറ്റി അംഗവുമായിരുന്നു സജീഷ്. 2014-16 കാലയളവിലാണ് ഡി.വൈ.എഫ്.ഐ കൊല്ലം ജില്ലാ കമ്മിറ്റി പ്രസിഡന്റായത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ പിറവന്തൂർ ഡിവിഷനിൽ നിന്ന് മത്സരിച്ച് ജയിച്ചു. യുവ പ്രാതിനിധ്യത്തിന് മുൻതൂക്കം നൽകി പാർട്ടി സജീഷിനെ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റാക്കി. പ്രസിഡന്റായതോടെ സജീഷിൽ പ്രണയം മുളപൊട്ടി. ബ്ളോക്ക് പഞ്ചായത്തിലെ ജീവനക്കാരിയായ കിളിമാനൂർ സ്വദേശിയുമായി ചുറ്റിക്കറക്കമായി. രണ്ട് മതവിഭാഗങ്ങളിലുള്ളവരാണ് സജീഷും യുവതിയും. മാതൃകയാകേണ്ട ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് തന്നെ പെരുമാറ്റച്ചട്ട ലംഘനം നടത്തിയത് പഞ്ചായത്തിലെ മറ്റ് ജീവനക്കാരെയും നാട്ടുകാരെയും അമ്പരപ്പിച്ചിരുന്നു. പാർട്ടി വിലക്കിയിട്ടും കാമുകിയെ കൈവിടാൻ ഇയാൾ കൂട്ടാക്കിയില്ല. അതും രണ്ട് മക്കളുള്ള യുവതിയെ.