കരുനാഗപ്പള്ളി: : ഭരണഘടനയിൽ തൊട്ട് സത്യം ചെയ്ത് അധികാരത്തിൽ വന്ന രാജ്യത്തെ ഭരണകൂടം തന്നെ ഭരണഘടനയെ വെല്ലുവിളിക്കുന്നത് ഭയാനകമാണെന്ന് ജസ്റ്റിസ് ബി. കെമാൽ പാഷ പറഞ്ഞു. ഗോവിന്ദ് പൻസാരെ ദിനാചരണത്തിന്റെ ഭാഗമായി സി.പി.ഐ ചവറ മണ്ഡലം കമ്മിറ്റി ഇടപ്പള്ളിക്കോട്ടയിൽ സംഘടിപ്പിച്ച മതനിരപേക്ഷ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണഘടന അട്ടിമറിച്ച് ഇന്ത്യയുടെ മതേതരത്വം ഇല്ലാതാക്കുകയാണ്. ഇതിനു പിന്നിൽ ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമാക്കി മാറ്റാനുള്ള സംഘപരിപാർ ശ്രമങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി. അഡ്വ. മണിലാൽ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ സി.പി.ഐ ചവറ മണ്ഡലം സെക്രട്ടറി പി.ബി. രാജു, ആർ. രാമചന്ദ്രൻ എം.എൽ.എ, മുഹമ്മദ് മുഹ്സിൻ എം.എൽ.എ, ജില്ലാ എക്സിക്യൂട്ടീവ് അംഗം ഐ. ഷിഹാബ്, ഫാ. ലാസർ എസ്. പട്ടകടവ്, എസ്. വത്സലകുമാരി, അനിൽ പുത്തേഴം, ടി.എ. തങ്ങൾ, അഡ്വ. പി.ബി. ശിവൻ, അഡ്വ. ഷാജി.എസ്. പള്ളിപ്പാടൻ, വി. ജ്യോതിഷ് കുമാർ, ആർ. മുരളി എന്നിവർ സംസാരിച്ചു.