c
തൃക്കണ്ണമംഗൽ വില്ലാംകോണം കുളം

പ്രദേശവാസികളുടെ ആവശ്യം ശക്തമാകുന്നു

കൊട്ടാരക്കര: തൃക്കണ്ണമംഗൽ വില്ലാംകോണം പഞ്ചായത്ത് കുളം നവീകരിക്കണമെന്ന പ്രദേശവാസികളുടെ ആവശ്യത്തിനു വർഷങ്ങളുടെ പഴക്കമുണ്ട്. പഞ്ചായത്ത് കുളം നവീകരിക്കാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ പ്രതിഷേധത്തിനൊരുങ്ങുകയാണ്. കുളത്തിനോടു ചേ‌ർന്ന് വാട്ടർഷെഡ് പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ചിരുന്ന പമ്പ് സെറ്റ് മോഷണം പോയതോടെയാണ് പഞ്ചായത്ത് കുളം നവീകരിക്കാൻ അധികൃതർ താൽപ്പര്യം കാട്ടാതായത്. കുളത്തിന്റെ നവീകരണം, ശുദ്ധീകരണം എന്നിവയ്ക്കായി മുനിസിപ്പാലിറ്റി ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. കുളത്തിന്റെ വശങ്ങൾ ഇടിഞ്ഞ് തകർന്നിരിക്കുകയാണ്. വില്ലാംകോണം കുളം നവീകരിച്ചിട്ട് ഏകദേശം പത്തു വർഷത്തോളമായി.

മുനിസിപ്പൽ സെക്രട്ടറിക്ക് നിവേദനം കൈമാറി

വേനൽ കടുക്കുന്നതിനു മുമ്പ് വില്ലാംകോണം പഞ്ചായത്ത് കുളം നവീകരിക്കാനും ശുദ്ധീകരിക്കാനുമുള്ള നടപടി സ്വീകരിക്കണമെന്ന് തൃക്കണ്ണമംഗൽ ജനകീയവേദി പ്രവർത്തകർ ആവശ്യപ്പെട്ടു. സജി ചേരൂർ, ജോൺ ഹാബേൽ, ഇ. ശാമുവേൽ, അഡ്വ. വെളിയം അജിത്, റിജു മാത്യു, സുനിൽ ജോൺ, ജേക്കബ് കെ. മാത്യു, തൃക്കണ്ണമംഗൽ ജോയിക്കുട്ടി, ഡോ. സന്തോഷ് തര്യൻ എന്നിവർ ചേർന്ന് ഇതു സംബന്ധിച്ച നിവേദനം മുനിസിപ്പൽ സെക്രട്ടറിക്ക് കൈമാറി.

നഗരസഭയുടെ അവഗണന

പാഴ് വസ്തുക്കളും മാലിന്യവും വലിച്ചെറിയാതിരിക്കാൻ പരിസരവാസികൾ കുളത്തിനു മുകളിൽ വല വിരിച്ചിരിക്കുകയാണ്. കുളത്തിന്റെ നവീകരണത്തിനായി നഗരസഭയ്ക്കു മറ്റു പദ്ധതികളൊന്നുമില്ല. കുളങ്ങളും കാവുകളും നീരുറവകളും സംരക്ഷിക്കാൻ നഗരസഭ പലകുറി ബഡ്ജറ്റിൽ തുക വകയിരുത്തിയെങ്കിലും അതിൽ ഇനിയും വില്ലാംകോണം പഞ്ചായത്ത് കുളം ഉൾപ്പെട്ടിട്ടില്ല.

10 വർഷത്തിന് മുമ്പാണ് വില്ലാംകോണം കുളം നവീകരിച്ചത്

നാട്ടുകാരുടെ ആശ്രയം

കടുത്ത വേനലിൽ പ്രദേശത്തെ വീടുകളിലെ കിണറുകളും സമീപത്തെ കുളങ്ങളും തോടുകളും വറ്റി വരളുമ്പോഴും വില്ലാംകോണം പഞ്ചായത്ത് കുളമായിരുന്നു നാട്ടുകാരുടെ ഏക ആശ്രയം. സമീപവാസികൾ കുളിക്കുന്നതിനും വസ്ത്രം അലക്കുന്നതിനും പുറമേ കാ‌ർഷികാവശ്യങ്ങൾക്ക് കൂടി ഉപയോഗിച്ചിരുന്ന കുളമാണ് ബന്ധപ്പെട്ട അധികൃതരുടെ അനാസ്ഥയെ തുടർന്ന് ഉപയോഗശൂന്യമായത്.