ഹൈലൈറ്റ്സ്
എല്ലാ സ്റ്റേഷനിൽ നിന്നും ബീറ്റ് ഓഫീസർമാർ ജനസൗഹൃദരായി വീടുകളിലെത്തും.ഒരു പൊലീസുകാരൻ കുറഞ്ഞത് 28 വീടെങ്കിലും ഒരു ദിവസം നോക്കണം. ഇവരെ മറ്റ് ജോലികൾക്ക് നിയോഗിക്കില്ല.സ്‌റ്റേഷനുകളിൽ എത്തുന്ന ജനത്തോട് മോശമായി പെരുമാറുന്നവർ എത്ര വലിയ ഉദ്യോഗസ്ഥരായാലും അവരെ അടിയന്തരമായി സ്ഥലം മാറ്റുകയും അച്ചടക്ക നടപടി സ്വീകരിക്കുകയും ചെയ്യും.
കൊല്ലം: ടി.നാരായണൻ കൊല്ലം കമ്മിഷണറായി ചുമതലയേറ്റിട്ട് ഒരു മാസമാവുന്നു.നമ്മുടെ നാട്ടുകാരൻ നമ്മുടെ കമ്മിഷണറാവുന്നത് അത്യപൂർവ്വമാണ്. ഓണാട്ടുകരയുടെ ഭാഗമായ മാന്നാറിനടുത്തുള്ള തൃക്കുരുട്ടിയാണ് അദ്ദേഹത്തിന്റെ സ്വദേശം .നമ്മുടെ നാടിന്റെ മുക്കും മൂലയും സുപരിചിതമായ അദ്ദേഹം കേരള കൗമുദിയോട് സംസാരിക്കുന്നു.
കൊല്ലത്തെ പുതിയ പദ്ധതികൾ?
സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയാണ് മുഖ്യം. അവർക്ക് സർവ്വവിധ സംരക്ഷണവും പരാതിരഹിതമായി പ്രാവർത്തികമാക്കും.എയ്ഞ്ചൽ മാലാഖ പദ്ധതി കൂടുതൽ കാര്യക്ഷമമാക്കും.സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കേസുകളിൽ വേഗത്തിൽ പ്രതികളെ ജയിലിലാക്കും. പ്രത്യേക ബോധവത്കരണവുമുണ്ട്.
ട്രാഫിക് മേഖലയിൽ ?
അപകടം പൂർണമായി ഒഴിവാക്കുന്ന പ്രത്യേക കർമ്മ പദ്ധതി നടപ്പാക്കിത്തുടങ്ങിയിട്ടുണ്ട്.ബോധവത്കരണത്തിനൊപ്പം ട്രാഫിക് നിയമലംഘനത്തിന് കൃത്യമായി പിഴയിടും. പെറ്റീകേസുകൾ കൂടുമ്പോൾ തന്നെ നിയമലംഘനം കുറയും.ബൈപ്പാസിലെ അപകടങ്ങൾ ഇല്ലാതാക്കാൻ നൂതനമായ നടപടികളാണ് ആലോചിക്കുന്നത്.പ്രത്യേക ട്രാഫിക് പൊലീസ് സംവിധാനത്തെ ഇതിനായി ഉപയോഗപ്പെടുത്തും.
കമ്മിഷണറുടെ വീടിനടുത്തുപോലുമുണ്ട് മോഷണം?
മോഷണം തടയാൻ കാവനാട് മുതൽ മേവറം വരെ ഒൻപത് മേഖലയാക്കി പദ്ധതി തുടക്കമിട്ടു കഴിഞ്ഞു. രാത്രി ഏഴു മുതൽ പുലർച്ചെ ആറുവരെ തുടർച്ചയായി പട്രോളിംഗ് സജ്ജമാക്കിയിട്ടുണ്ട്. പിങ്ക് പോലിസും ബൈക്ക് പൊലീസും ഉണ്ടാവും. ബൈക്കിന്റെയോ വാഹനത്തിന്റെയോ ശബ്ദം കേട്ട് ഒളിക്കുന്നവരെയോ മാറിനിൽക്കുന്നവരെയോ കണ്ടെത്താൻ ഇനി മുതൽ കൊല്ലത്ത് കാൽ നടയായും രാത്രിയിൽ പൊലീസ് റോന്തു ചുറ്റും.പതുങ്ങി നിന്ന് കള്ളനെയും സാമൂഹിക വിരുദ്ധരെയും കസ്റ്റഡിയിലെടുക്കും. ഇതിനായി നല്ലവരും കരുത്തരുമായ യുവ പൊലീസുകാരെ നിയോഗിക്കും.
തുടർ പരിശോധനകൾ ?
ജയിലിൽ നിന്നിറങ്ങിയവരെയും പഴയ കുറ്റവാളികളെയും നിരീക്ഷിക്കാൻ സൈബർ സെല്ലിന്റെ സഹായത്തോടെ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. ഫോൺ നമ്പരുകൾ നിരീക്ഷണത്തിലായിരിക്കും. ഷാഡോ പൊലീസും പിന്നാലെയുണ്ട്. ആധുനിക സാങ്കേതികവിദ്യാ സംവിധാനങ്ങളുടെ സഹായത്തോടെ കള്ളന്മാരെയും അക്രമികളെയും തുരത്താൻ കൊല്ലത്തിന് മാത്രമായി പ്രത്യേക സംവിധാനം രൂപപ്പെടുത്തി വരികയാണ്.
വാഹനപരിശോധനയിലെ പരാതികൾ ?
യാതൊരു പരാതിയും വരാത്ത വിധത്തിലായിരിക്കും വാഹന പരിശോധനകൾ. ഇക്കാര്യത്തിൽ ഡി.ജി. പിയുടെ പ്രത്യേക സർക്കുലർ പിന്തുടരും. ഒരാളെയും ഓടിച്ചിട്ട് പിടിക്കില്ല. എല്ലാം റെക്കോർഡ് ചെയ്യും. അത് പിഴയായി വീട്ടീലെത്തും. തെളിവ് കാട്ടുമ്പോൾ പിന്നെ പരാതി ഉണ്ടാവില്ലല്ലോ. പക്ഷേ, നിയമലംഘനത്തിനെ യാതൊരു തരത്തിലും ന്യായീകരിക്കില്ല.
പൊലീസ് സ്‌റ്റേഷനുകളെ പറ്റിയുള്ള പരാതികൾ ?
ഇക്കൊല്ലം ജനസൗഹദ പൊലീസ് വർഷമായി ആചരിക്കുകയാണ്. നിർഭയമായി ഏതൊരാൾക്കും പൊലീസ് സ്‌റ്റേഷനിൽ കടന്നുവരാം. കുട്ടികൾക്കായി പ്രത്യേക മുറികൾ സജ്ജമാക്കി വരുന്നു. എല്ലാ സ്റ്റേഷനിൽ നിന്നും ബീറ്റ് ഓഫീസർമാർ ജനസൗഹൃദരായി വീടുകളിലെത്തും.ഒരു പൊലീസുകാരൻ കുറഞ്ഞത് 28 വീടെങ്കിലും ഒരു ദിവസം നോക്കണം. ഇവരെ മറ്റ് ജോലികൾക്ക് നിയോഗിക്കില്ല.സ്‌റ്റേഷനുകളിൽ എത്തുന്ന ജനത്തോട് മോശമായി പെരുമാറുന്നവർ എത്ര വലിയ ഉദ്യോഗസ്ഥരായാലും അവരെ അടിയന്തരമായി സ്ഥലം മാറ്റുകയും അച്ചടക്ക നടപടിഎടുക്കുകയും ചെയ്യും.
അഴിമതിക്കാരായ പൊലീസുകാരെപ്പറ്റി ?
അഴിമതിക്കാർക്കെതിരെ കർശനമായ നടപടിയുണ്ടാവും. അതിൽ വീട്ടു വീഴ്ചയില്ല. ആഭ്യന്തര വിജിലൻസ് സംവിധാനം ഏറ്റവും കുറ്റമറ്റതാണ്. രണ്ട് എ.സി.പിമാർ തുടർച്ചയായി പൊലീസിനെ നിരീക്ഷിക്കുന്നു. സ്‌പെഷ്യൽ ബ്രാഞ്ചിന്റെ രഹസ്യ സേവനവും ഇതിനായി ഉപയോഗിക്കുന്നുണ്ട്. . അഴിമതിക്കാർക്കെതിരെ മുഖം നോക്കാതെ നടപടിയുണ്ടാവും .അതിനാൽ പൊതുജനത്തിന് ഇനി ആശങ്ക വേണ്ട.
നമ്മുടെ കൊല്ലംകാരോട് എന്താ പറയാനുളളത്?
വീട് പൂട്ടിപോകുമ്പോൾ നിർബന്ധമായും പൊലീസിനെ അറിയിക്കുക.ഇതുവഴി മോഷണവും അക്രമവും പൂർണമായി തടയാം. ചെറുപ്പക്കാർ അമിത വേഗത്തിൽ വാഹനമോടിക്കരുത്. കഞ്ചാവിനും മയക്കുമരുന്നിനും അടിമകളാകരുത്. യുവാക്കൾ ഇതിനെതിരെ രംഗത്തുവന്ന് യുവാക്കളെതന്നെ രക്ഷിക്കണം.നിയമം അനുസരിക്കാനുള്ളതാണ് അത് ലംഘിക്കാനുള്ളതല്ല. നിയമം അനുസരിക്കുമ്പോൾ പ്രശ്‌നങ്ങൾക്ക് പരിഹാരമാവും.
കൊല്ലത്തെ റസിഡന്റ്‌സ് അസോസിയഷനുകളോട് ?
അവർ പൊലീസിന്റെ ഉറ്റചങ്ങാതിമാരാണ്. മൈത്രി പദ്ധതി കൂടുതൽ ഊർജ്ജസ്വലമാക്കാൻ പോകുന്നു. പൊലീസുമായുള്ള വാട്ട്‌സ് ആപ്പ്ഗ്രുപ്പ് നന്നായി പോകുന്നുണ്ട്. അത് കൂടുതൽ മികവോടെയും ശ്രദ്ധേയമായും എങ്ങനെ കൊണ്ടുപോകാം എന്ന് ഗൗരവമായി ആലോചിക്കുന്നു.