കൊല്ലം: ഇ.പി.എഫ് പെൻഷൻ വ്യവസ്ഥയിലെ ഭേദഗതി പതിനായിരക്കണക്കിന് കശുഅണ്ടി തൊഴിലാളികൾക്ക് പ്രയോജനം ചെയ്യും. കമ്മ്യൂട്ട് ചെയ്ത തുക പിടിച്ചുകഴിഞ്ഞാൽ കുറഞ്ഞ പെൻഷനായ 1000 രൂപ പോലും തൊഴിലാളികൾക്ക് പ്രതിമാസം ലഭിക്കുമായിരുന്നില്ല. കമ്മ്യൂട്ടേഷന്റെ പേരിൽ കിട്ടിയ തുകയുടെ പല മടങ്ങ് പെൻഷനിൽ നിന്ന് പിടിച്ചാലും മരണം വരെയും പെൻഷൻ വെട്ടിക്കുറയ്ക്കുന്ന ദ്രോഹമാണ് അവസാനിക്കുന്നത്.
2004 സെപ്തംബർ 25ന് മുമ്പ് കമ്മ്യൂട്ട് ചെയ്ത തൊഴിലാളികൾക്ക് ഉത്തരവിന്റെ ഗുണഫലം ഉടൻ ലഭിക്കും. അതിനുശേഷം കമ്മ്യൂട്ടേഷൻ ആനുകൂല്യം കൈപ്പറ്റിയവർക്ക് 15 വർഷം തികയുമ്പോൾ മുഴുവൻ പെൻഷനും പുനഃസ്ഥാപിച്ചു കിട്ടുകയും ചെയ്യും.
2014 ൽ ഇ.പി.എഫ് മിനിമം പെൻഷനുള്ള യോഗ്യത ഭേദഗതി ചെയ്തതോടെ 90% കശുഅണ്ടി തൊഴിലാളികളും പെൻഷൻ പദ്ധതിക്ക് പുറത്തായി. പ്രതിവർഷം ശരാശരി 120 ദിവസം ജോലി ചെയ്യുന്ന കശുഅണ്ടി തൊഴിലാളികൾക്ക് പോലും 30 വർഷം ജോലി ചെയ്താലും പെൻഷൻ ലഭിക്കാത്ത സാഹചര്യമുണ്ടായി.
വിഷയത്തിന്റെ ഗൗരവം എൻ.കെ. പ്രേമചന്ദ്രൻ എം.പി സ്വകാര്യ പ്രമേയ ചർച്ചയിൽ സർക്കാരിന്റെയും സഭയുടെയും ശ്രദ്ധയിൽ കൊണ്ടുവന്നു. ഡൽഹിയിൽ കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രി വിളിച്ചുചേർത്ത യോഗത്തിലും വിഷയം ചർച്ച ചെയ്തു. യോഗത്തിൽ അനുകൂല ധാരണയുണ്ടായെങ്കിലും കശുഅണ്ടി തൊഴിലാളികളുടെ പെൻഷൻ ആനൂകൂല്യം സംബന്ധിച്ച് വ്യക്തമായ ഉത്തരവുണ്ടായില്ല. പെൻഷന് യോഗ്യത ഹാജർനില പരിഗണിക്കാതെ 10 വർഷം എന്നത് പുനസ്ഥാപിക്കണമെന്ന ആവശ്യം ഒടുവിൽ അംഗീകരിക്കപ്പെട്ടു.