കൊല്ലം: ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനായി ചുമതലയേറ്റ ശേഷം ആദ്യമായി ജില്ലയിൽ എത്തിയ കെ. സുരേന്ദ്രന് ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 4ന് കൊല്ലം ജവഹർ ബാലഭവൻ ഓഡിറ്റോറിയത്തിൽ ഉജ്ജ്വല സ്വീകരണം നൽകും. വൈകിട്ട് 3.30ന് കൊല്ലം എസ്.എൻ കോളേജ് ജംഗ്ഷനിൽ എത്തുന്ന കെ. സുരേന്ദ്രൻ മഹാത്മ അയ്യൻകാളിയുടെയും ആർ. ശങ്കറിന്റെയും പ്രതിമകളിൽ പുഷ്പ്പാർച്ചന നടത്തും. തുടർന്ന് വാഹനങ്ങളുടെ അകമ്പടിയോടെ ചിന്നക്കട ചുറ്റി സ്വീകരണനഗരിയിൽ എത്തും.
ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന സ്വീകരണയോഗത്തിൽ വിവിധ പാർട്ടി ഘടകങ്ങളുടെ സ്വീകരണം കെ. സുരേന്ദ്രൻ ഏറ്റുവാങ്ങും.