പത്തനാപുരം : വേനൽച്ചൂട് കടുത്തതോടെ പക്ഷിമൃഗാദികളും ബുദ്ധിമുട്ടുന്നു. ശനിയാഴ്ച ഉച്ചയോടെ കുണ്ടയത്ത് വെള്ളിമൂങ്ങ ചൂടേറ്റ് വീണു. കുണ്ടയം കാരംമൂട് കൊഴവക്കാട് ശശിയുടെ വീടിന് സമീപത്തുള്ള പുരയിടത്തിലാണ് വെള്ളിമൂങ്ങയെ കണ്ടെത്തിയത്. കാക്കകൾ ആക്രമിക്കുന്നത് കണ്ട പ്രദേശവാസികളാണ് വെള്ളിമൂങ്ങയെ രക്ഷപ്പെടുത്തിയത്. തുടർന്ന് പത്തനാപുരം ഫോറസ്റ്റ് റെയിഞ്ച് ഓഫീസിൽ വിവരമറിയിക്കുകയായിരുന്നു. ജില്ലയുടെ കിഴക്കൻ മേഖലയായ പുനലൂരിലും പത്തനാപുരത്തും കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. ഏകദേശം രണ്ട് വയസ് പ്രായം വരുന്ന വെള്ളിമൂങ്ങയാണ് വെയിലേറ്റ് തറയിൽ വീണതെന്ന് വനപാലകർ പറഞ്ഞു.പത്തനാപുരം റേഞ്ച് ഓഫീസിലെത്തിച്ച വെള്ളിമൂങ്ങയെ വെറ്ററിനറി വിഭാഗത്തിന്റെ നേതൃത്ത്വത്തിൽ പരിശോധിച്ചു. പരിക്കുകൾ മാറിയ ശേഷം വനത്തിൽ വിടുമെന്ന് ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ അനീഷ് പറഞ്ഞു. ദുർമന്ത്രവാദത്തിന്റെ പേരിലും മറ്റും വെള്ളിമൂങ്ങയെ പിടികൂടി വില്പന നടത്തുന്നതും കയറ്റി അയയ്ക്കുന്നതുമായ സംഘത്തെ മുൻപ് പൊലീസ് പിടികൂടിയിരുന്നു.