പത്തനാപുരം: ആരോഗ്യം, ശുചിത്വം, വിദ്യാഭ്യാസം എന്നിവയിലെന്നപോലെ കാരുണ്യപദ്ധതികൾ ഫലപ്രദമായി ആവിഷ്കരിച്ച് നടപ്പാക്കുന്നതിലും കേരളം മുന്നിലാണെന്ന് കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധി ഡോ. എ. സമ്പത്ത് പറഞ്ഞു. ഗാന്ധിഭവനിൽ നടന്ന മനുഷ്യനന്മയ്ക്കായി മാതൃസ്മരണ എന്ന പദ്ധതിയുടെ നാല്പതാം ദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യത്വത്തിലൂന്നിയ ഗാന്ധിഭവന്റെ പ്രവർത്തനങ്ങൾ ശ്രദ്ധേയവും ശ്ലാഘനീയവുമാണ്. മനുഷ്യത്വം മരവിക്കുകയും മക്കളെപ്പോലും ഇല്ലായ്മ ചെയ്യാൻ മാതാപിതാക്കൾ ശ്രമിക്കുകയും ചെയ്യുന്ന കെട്ടകാലത്ത് മനുഷ്യത്വത്തിന്റെ മഹനീയ മാതൃകകൾ ചർച്ച ചെയ്യപ്പെടണമെന്ന് വനിതാ കമ്മിഷൻ അംഗം ഡോ. ഷാഹിദാ കമാൽ അദ്ധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു. നടൻ ടി.പി. മാധവൻ, പാസ്റ്റർ മാത്യു എബ്രഹാം, വി. ബിനുകുമാർ, കെ. സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ ഗാന്ധിഭവൻ വൈസ് ചെയർമാൻ പി.എസ്. അമൽരാജ് സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി ജി. ഭുവനചന്ദ്രൻ നന്ദിയും പറഞ്ഞു.