un
വഴിയരുകിലെ വനത്തിറമ്പിൽ നിന്നും കണ്ടെത്തിയ തോക്കിൻ തിരകൾ

കുളത്തൂപ്പുഴ: തിരുവനന്തപുരം- ചെങ്കോട്ട അന്തർസംസ്ഥാന പാതയോരത്ത് ഉപേക്ഷിച്ച നിലയിൽ 14 വെടിയുണ്ടകൾ കണ്ടെടുത്തു. കുളത്തൂപ്പുഴ കല്ലുവെട്ടാംകുഴി മുപ്പതടിപാലത്തിന് സമീപം ഹൈവേ നിർമ്മാണത്തിനായി എടുത്തിട്ട മണ്ണിനുമുകളിൽ നിന്നാണ് വെടിയുണ്ടകൾ കണ്ടെത്തിയത്. ശനിയാഴ്ച വെെകിട്ട് മൂന്നരയോടെയാണ് സംഭവം. മടത്തറ സ്വദേശിയായ ടിപ്പർ ലോറി ജീവനക്കാൻ ജോഷിയാണ് പത്രക്കടലാസിൽ പൊതിഞ്ഞ നിലയിലുള്ള കവർ ആദ്യം കണ്ടത്. തുറന്ന് പരിശോധിച്ചപ്പോൾ വെടിയുണ്ടളാണെന്ന് തിരിച്ചറിഞ്ഞതോടെ പൊലീസിനെ വിവരമറിയിച്ചു.

മാലപോലെ കവറിൽ നിറച്ച 12 തിരകളും കവറിൽ നിന്ന് വേർപെട്ട നിലയിൽ രണ്ട് തിരയുമാണ് കണ്ടെടുത്തത്. കുളത്തൂപ്പുഴ എസ്.ഐ ജയകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി വെടിയുണ്ടകൾ സ്റ്റേഷനിലേക്ക് മാറ്റി. സായുധസേന ഉപയോഗിക്കുന്ന തരത്തിലുള്ള വെടിയുണ്ടകളാണന്നാണ് പ്രാഥമിക നിഗമനം.

അഞ്ചൽ വനം റേഞ്ചിൽ ഉൾപ്പെട്ട പ്രദേശത്ത് കണ്ടെത്തിയ തിരകൾ ഉപയോഗ യോഗ്യമായവയാണോ ഏതുതരം തോക്കിൽ ഉപയോഗിക്കുന്നതാണ് എന്നൊക്കെ കണ്ടെത്തുന്നതിന് ഫോറൻസിക്, മറ്റു സാങ്കേതിക വിദഗ്ദ്ധർ തുടങ്ങിയവരുടെ സഹായം തേടിയിരിക്കുകയാണ് പൊലീസ്. തിരകൾ ഇവിടെ എത്താനിടയുള്ള മാർഗങ്ങളും വഴിയരുകിൽ ഉപേക്ഷിക്കാനിടയായ സാഹചര്യവും സംബന്ധിച്ചും പൊലീസും സ്പെഷ്യൽ ബ്രാഞ്ചും അന്വേഷണം ആരംഭിച്ചു. കൊട്ടാരക്കര ക്രൈം ഡിവൈ.എസ്.പി വിനോദ് കുമാറിന്റെ നേതൃത്വത്തിൽ സയന്റിഫിക് വിദഗ്ദ്ധർ, ബാലിസ്റ്റിക് ആർമർ വിഭാഗം ഉദ്യോഗസ്ഥർ, വിരലടയാള വിഭാഗം തുടങ്ങിയവർ സ്ഥലത്തെത്തി പരിശോധന നടത്തി.