photo
അറസ്റ്റിലായ പ്രതികൾ

കൊട്ടാരക്കര: സദാനന്ദപുരം പ്ളാപ്പള്ളിയിൽ ആർ.എസ്.എസ് പ്രവർത്തകനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ അഞ്ച് സി.പി.എം പ്രവർത്തകർ അറസ്റ്റിൽ. പ്ളാപ്പള്ളി തെറ്റിയോട് യമുനാ മന്ദിരത്തിൽ സുബിൻദേവിനാണ് (23) വെട്ടേറ്റത്. സാരമായ പരിക്കുക്കേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒപ്പമുണ്ടായിരുന്ന സൂരജ്, വിനീത് എന്നിവർക്ക് മർദ്ദനവുമേറ്റു.

സംഭവത്തിൽ സി.പി.എം പ്രവർത്തകരായ ചെപ്ര നിരപ്പുവിള ജിജോഭവനിൽ ജിത്ത് (28), ജിതിൻ (24), ജിജോ (20), സദാനന്ദപുരം നിരപ്പുവിള വാലുപച്ചവീട്ടിൽ വിഷ്ണു (22), നിരപ്പുവിള വട്ടിലുവിള വീട്ടിൽ അജിത്ത് (18) എന്നിവരെയാണ് കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. പ്ളാപ്പള്ളി തെറ്റിയോട് ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവവുമായി ബന്ധപ്പെട്ട തർക്കമാണ് പിന്നീട് പ്ളാപ്പള്ളി ജംഗ്ഷനിൽ സംഘർഷത്തിന് കാരണമായത്. ഉത്സവ സംഘർഷം എന്ന നിലയിലാണ് തുടങ്ങിയതെങ്കിലും പിന്നീട് രാഷ്ട്രീയ വിഷയമായി മാറി. എഴുകോൺ സി.ഐ ടി. ശിവപ്രകാശ്, കൊട്ടാരക്കര എസ്.ഐ രാജീവ്, ജി.എസ്.ഐ അജയകുമാർ, സി.പി.ഒമാരായ സലിൽ, ബിജു എന്നിവർ ചേ‌ർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ മൂന്നുപേർകൂടി പിടിയിലാകനുണ്ടെന്ന് പൊലീസ് പറഞ്ഞു.