theif

കൊട്ടിയം: ഉത്സവസമയങ്ങളിൽ അമ്പലങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ഉച്ചഭാഷിണികളിലെ ആംപ്ളിഫയറുകളും അനുബന്ധ സാധനങ്ങളും കവരുന്ന മോഷ്ടാവ് ഇരവിപുരം പൊലീസിന്റെ പിടിയിലായി. ആക്കോലിചേരി കോരമുക്ക് ചെമ്പോട്ട് പടിഞ്ഞാറ്റതിൽ സജുവാണ് പിടിയിലായത്.

ഇരവിപുരം പനംമൂട് ക്ഷേത്രത്തിലെ മോഷണവുമായി ബന്ധപ്പെട്ടുള്ള പരാതിയെ തുടർന്നാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന പ്രതിയെക്കുറിച്ച് ഇരവിപുരം എസ്.എച്ച്.ഒ കെ. വിനോദിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടന്ന അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. സംഭവസ്ഥലത്തിന് സമീപമുള്ള സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചും സമാന കുറ്റകൃത്യങ്ങൾ നടത്തിയിട്ടുള്ള പ്രതികളെക്കുറിച്ചുള്ള അന്വേഷണങ്ങളുമാണ് പ്രതിയെ പിടികൂടാൻ പൊലീസിന് സഹായകമായത്.

ഇരവിപുരം എസ്.ഐമാരായ എ.പി. അനീഷ്, ബിനോദ് കുമാർ, ജി.എസ്.ഐ മനോജ്, എ.എസ്.ഐ രാജേന്ദ്രൻ, സി.പി.ഒമാരായ പ്രമോദ് സുമേഷ് ബേബി എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.