കൊല്ലം: യൂണിഫോമില്ലാതെ എത്തിയ ആർ.പി.എഫ് ഉദ്യോഗസ്ഥർ വച്ചുനീട്ടിയ പലഹാരം ട്രെയിൻ യാത്രിക്കാരിയായ വയോധിക വാങ്ങികഴിച്ചപ്പോൾ യുവാവ് ബുദ്ധിപൂർവം നിരസിച്ചു. അപരിചിതർ നൽകുന്ന ഭക്ഷണ സാധനങ്ങൾ വാങ്ങിക്കഴിച്ച് ടെയിൻ യാത്രയ്ക്കിടെ കവർച്ചയ്ക്ക് ഇരയാകുന്നതിനെതിരെ ബോധവവത്കരണത്തിന് എത്തിയതായിരുന്നു ആർ.പി.എഫ് ഉദ്യോഗസ്ഥർ.
ആർ.പി.എഫ് ഇൻസ്പെക്ടർ രജനി നായർ, പൊലീസുകാരായ എസ്. സന്തോഷ് കുമാർ, ഫ്രാങ്ക്ളിൻ, സി.ജി. ബീന എന്നിവരാണ് സാധാരണ യാത്രക്കാരെ പോലെ ട്രെയിനിൽ സഞ്ചരിച്ചത്. കായംകുളത്തേക്കുള്ള യാത്രയിൽ എ.സി കോച്ചിലെ യാത്രക്കാരിയായ കാക്കനാട് സ്വദേശി 71 വയസുള്ള വയോധികയാണ് സംഘം നൽകിയ ഭക്ഷണം വാങ്ങി കഴിച്ചത്. എന്നാൽ തിരികെയുള്ള യാത്രയിൽ കടപ്പാക്കട സ്വദേശിയായ 21 വയസുള്ള യാത്രക്കാരൻ ഭക്ഷണം നിരസിക്കുകയായിരുന്നു. തുടർന്ന് തങ്ങളുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയ ഉദ്യോഗസ്ഥർ യാത്രക്കാർക്ക് ബോധവൽക്കരണം നൽകുകയും ഇത്തരം സാഹചര്യങ്ങളിൽ ആർ.പി.എഫ് ഹെൽപ്പ് ലൈൻ നമ്പറായ 182ൽ ബന്ധപ്പെടുന്നതുൾപ്പെടെയുള്ള അറിവുകൾ പകർന്നു നൽകുകയും ചെയ്തു.