clipart

 സ്വകാര്യ കമ്പനി 27 മുതൽ സർവേ ആരംഭിക്കും

കൊല്ലം: കുരീപ്പുഴ ചണ്ടി ഡിപ്പോയിൽ കെട്ടിക്കിടക്കുന്ന പതിറ്രാണ്ടുകൾ പഴക്കമുള്ള മാലിന്യം സംസ്കരിക്കാൻ ഒന്നരമാസത്തിനുള്ളിൽ ബയോ മൈനിംഗ് ആരംഭിക്കും. ഇതിന് മുന്നോടിയായി ബയോ മൈനിംഗിന് കരാറെടുത്ത സോൺഡ എന്ന സ്വകാര്യ കമ്പനി ഈ മാസം 27 മുതൽ മാലിന്യത്തിന്റെ അളവും സ്വഭാവവും സംബന്ധിച്ച സർവേ ആരംഭിക്കും.

 സ്വകാര്യ കമ്പനിയുമായുള്ള കരാർ

4000 ഘനമീറ്റർ മാലിന്യം 3.74 കോടി രൂപയ്ക്ക് സംസ്കരിക്കാമെന്നാണ് നഗരസഭയും സോൺഡ കമ്പനിയും തമ്മിലുള്ള ധാരണ. സർവേയ്ക്ക് ശേഷം ഒരു മാസത്തിനുള്ളിൽ നഗരസഭ സോൺഡയുമായി കരാറൊപ്പിടും. നേരത്തെ സിംഗപ്പൂർ ആസ്ഥാനമായുള്ള കമ്പനിയുമായി നഗരസഭ ബയോമൈനിംഗിന് ധാരണയിലെത്തിയിരുന്നെങ്കിലും കാലതാമസത്തെ തുടർന്ന് കരാർ റദ്ദാക്കിയിരുന്നു.

 ചണ്ടി ഡിപ്പോയിൽ കെട്ടിക്കിടക്കുന്നത്: 17000 ടൺ മാലിന്യം

 സംസ്കരണം ഇപ്രകാരം

 ചണ്ടി ഡിപ്പോയിലെ ജൈവ മാലിന്യം സംസ്കരികരിച്ച് വളമാക്കും.

 പ്ലാസ്റ്റിക് അടക്കമുള്ള അജൈവ മാലിന്യം സംസ്കരിച്ച് ടാറിംഗിന് ഉപയോഗിക്കും.

 സംസ്കരിക്കാനാകാത്ത അജൈവ മാലിന്യം ക്യാമ്പിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ച് നിലവിലെ സ്ഥലത്ത് കുഴിയെടുത്ത് മൂടും.

 ക്യാമ്പിംഗ് സാങ്കേതികം

അജൈവ മാലിന്യം വിഘടിച്ച് ഭാവിയിൽ ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ മാലിന്യത്തിന് ഇടയിലൂടെ ജലം ആഴ്ന്നിറങ്ങാതിരിക്കാൻ വിവിധ പാളികളായി സംരക്ഷണ കവചം ഒരുക്കുന്നതാണ് ക്യാമ്പിംഗ് സാങ്കേതിക വിദ്യ.

 സ്വിവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് കരാറിലേക്ക്

 24 കോടി രൂപയുടെ എസ്റ്റിമേറ്റ്

കുരീപ്പുഴ ചണ്ടി ഡിപ്പോയിൽ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് നിർമ്മാണത്തിന്റെ കരാർ ഉടൻ ഒപ്പിടും. 18 എം.എൽ.ഡി ശേഷിയുള്ള പ്ലാന്റാണ് സ്ഥാപിക്കുന്നത്. അമൃതിൽ നിന്ന് 30 കോടി രൂപയാണ് പദ്ധതിക്കായി നീക്കി വച്ചിട്ടുള്ളത്.

പ്ലാന്റിന്റെ നിർമ്മാണത്തിന് മാത്രം 23.91 കോടിയുടെ എസ്റ്റിമേറ്റാണ് നിർവഹണ ഏജൻസിയായ വാട്ടർ അതോറിറ്റി തയ്യാറാക്കിയത്. പക്ഷേ ടെണ്ടറിൽ ലഭിച്ച ഏറ്റവും കുറഞ്ഞ തുക എസ്റ്റിമേറ്റ് നിരക്കിനെക്കാൾ 12 ശതമാനം അധികമാണ്. ഈ തുക വസൂരിച്ചിറയിൽ ഉപേക്ഷിച്ച സെപ്റ്റേജ് ട്രീറ്റ്മെന്റ് പ്ലാന്റിനായി നീക്കിവച്ച തുകയിൽ നിന്ന് വകയിരുത്താനാണ് ആലോചന.

 ജൈവ ചുറ്റുമതിൽ ഒരുക്കും

പ്രദേശവാസികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത തരത്തിലാകും പ്ലാന്റിന്റെ പ്രവർത്തനം. പ്ലാന്റ് വളപ്പിൽ വൃക്ഷങ്ങൾ കൊണ്ടുള്ള ജൈവ ചുറ്റുമതിൽ തീർക്കും. പ്ലാന്റിൽ നിന്നുള്ള ദുർഗന്ധം പരിസരത്ത് വ്യാപിക്കാതിരിക്കാൻ അന്തരീക്ഷത്തിലെ ഖര, ദ്രവാംശം വലിച്ചെടുക്കുന്ന സസ്യങ്ങൾ വച്ചുപിടിപ്പിക്കും.

 നിർവഹണ ഏജൻസി: വാട്ടർ അതോറിറ്റി

 പ്ളാന്റിന്റെ ശേഷി: 18 എം.എൽ.ഡി

 പദ്ധതി തുക: 30 കോടി

 പ്ളാന്റ് നിർമ്മാണത്തിനുള്ള എസ്റ്റിമേറ്റ് 23.91 കോടി രൂപ

 അധികമായി വേണ്ടത്: 1.91 കോടി