koyivila
ബിഷപ്പ് ജെറോം അനുസ്മരണ പദയാത്രയ്ക്ക് കോയിവിള ഇടവക വികാരി ഫാ. ജോളി എബ്രഹാം ബിഷപ്പ് ജെറോം സാംസ്‌കാരിക കേന്ദ്രത്തിൽ പതാക ഉയർത്തുന്നു

തേവലക്കര: എല്ലാ ജനങ്ങളും ജെറോം പിതാവിന്റെ ലളിത ജീവിതം മാതൃകയാക്കി അദ്ദേഹത്തിന്റെ സാമൂഹിക പ്രവർത്തനങ്ങളുടെ പിന്തുടർച്ചക്കാരാകണമെന്ന് കൊല്ലം രൂപത വികാരി ജനറൽ വിൻസെന്റ് മച്ചാഡോ പറഞ്ഞു. ജെറോം പിതാവിന്റെ ഇരുപത്തിയെട്ടാം ചരമ വാർഷികത്തോട് അനുബന്ധിച്ച് കോയിവിള ദേവാലയത്തിൽ രാവിലെ 6 മണിക്ക് നടന്ന ദിവ്യബലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 41 വർഷക്കാലം കൊല്ലം രൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാനായിരുന്ന ജെറോം പിതാവിന്റെ ഇരുപത്തിയെട്ടാം ചരമവാർഷികത്തോട് അനുബന്ധിച്ച് രൂപതയിലെ യുവജന പ്രസ്ഥാനമായ കെ.സി.വൈ.എമ്മും ഇടവക വിശ്വാസികളും സംയുക്തമായി തീർത്ഥാടന പദയാത്ര നടത്തി. പിതാവിന്റെ ജന്മനാടായ കോയിവിളയിൽ നിന്നാരംഭിച്ച പദയാത്ര വിവിധ ഇടവകകളുടെ സ്വീകരണം ഏറ്റുവാങ്ങി അദ്ദേഹത്തെ അടക്കം ചെയ്തിരിക്കുന്ന ഇൻഫന്റ് ജീസസ് കത്തീഡ്രൽ ദേവാലയത്തിൽ എത്തിചേർന്നു. കോയിവിള ദേവാലയത്തിൽ വിൻസെന്റ് മച്ചാഡോയുടെ മുഖ്യ കാർമ്മികത്വത്തിൽ നടന്ന ദിവ്യബലിക്ക് ശേഷം ആരംഭിച്ച ഛായാചിത്ര പ്രയാണാരംഭം അദ്ദേഹത്തിന്റെ ജന്മഗൃഹമായ തുപ്പാശ്ശേരി കുടുംബത്തിൽ സന്ദർശനം നടത്തി. തുടർന്ന് ബിഷപ്പ് ജെറോം സാംസ്‌കാരിക കേന്ദ്രത്തിൽ എത്തി ഇടവക വികാരി ഫാ.ജോളി എബ്രഹാം പതാക ഉയർത്തി. പിതാവിന്റെ ഛായചിത്രത്തിലെ പുഷ്പാർച്ചനയ്ക്ക് ശേഷം പദയാത്ര കൊല്ലത്തേക്ക് പുറപ്പെട്ടു. വൈകിട്ട് 4.30 ന് തങ്കശ്ശേരി ഇൻഫന്റ് ജീസസ് കത്തീഡ്രൽ ദേവാലയത്തിൽ പദയാത്രയ്ക്കു സ്വീകരണം നൽകി. തുടർന്ന് അനുസ്മരണ പ്രഭാഷണവും ദിവ്യബലിയും നടന്നു.