ശാസ്താംകോട്ട : സംസ്ഥാന സർക്കാരിന്റെ ലൈഫ് പദ്ധതി പൂർത്തീകരിക്കുമ്പോൾ കേരളത്തിൽ ഭവനരഹിതരായ ഒരു കുടുംബം പോലുമുണ്ടാകില്ലെന്ന് മന്ത്രി ജെ. മേഴ്‌സികുട്ടിഅമ്മ പറഞ്ഞു. മൈനാഗപ്പള്ളി പഞ്ചായത്തിലെ വിവിധ വികസന പദ്ധതികളുടെ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് നടന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഭൂമി ഇല്ലാത്തവർക്ക് ഭൂമിയും വീട് ഇല്ലാത്തവർക്ക് വീടും രണ്ടുമില്ലാത്തവർക്ക് ഭൂമിയും വീടും ഇടതുപക്ഷ സർക്കാർ നൽകുമെന്നും മന്ത്രി വ്യക്തമാക്കി. കോവൂർ കുഞ്ഞുമോൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ലൈഫ് , ജവഹർ ഭവന പദ്ധതി പ്രഖ്യാപനം കെ. സോമപ്രസാദ് എം.പി നിർവഹിച്ചു. വികസന വിളംബര രേഖ അഡ്വ. ടി. മോഹനൻ അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. അരുണാമണി പഞ്ചായത്ത് തല ഗെയിംസ് ടീമിനെ പ്രഖ്യാപിച്ചു. കുടിവെള്ള ഭൂമി കൈമാറൽ പ്രഖ്യാപനം ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ശ്രീലേഖ വേണുഗോപാൽ നിർവഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ. കൃഷ്ണകുമാരി, സ്ഥിരം സമിതി അദ്ധ്യക്ഷ എസ്. മുബീന, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി. രഘുനാഥൻ പിള്ള, സ്ഥിരം സമിതി അദ്ധ്യക്ഷരായ ഡി. രാഗിണി , എം. ശിവൻ പിള്ള , ശാന്തകുമാരി അമ്മ തുടങ്ങിയവർ സംസാരിച്ചു. പ്രസിഡന്റ് പി.എസ്. ജയലക്ഷ്മി സ്വാഗതവും സെക്രട്ടറി ഡമാസ്റ്റൻ നന്ദിയും പറഞ്ഞു.