പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും
കൊല്ലം: കേരള കർഷക സംഘം സംസ്ഥാന സമ്മേളനം കർഷക റാലിയോടെ ഇന്ന് സമാപിക്കും. ചിന്നക്കട, കർബല, കപ്പലണ്ടി മുക്ക് എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് വൈകിട്ട് നാലരയോടെ കന്റോൺമെന്റ് മൈതാനിയിലേക്ക് പ്രകടനം ആരംഭിക്കും. കന്റോൺമെന്റ് മൈതാനിയിൽ അഞ്ചരയോടെ പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രൻപിള്ള, അഖിലേന്ത്യാ കിസാൻസഭ പ്രസിഡന്റ് അശോക് ധാവ്‌ള തുടങ്ങിയവർ പങ്കെടുക്കും. പുതിയ സംസ്ഥാന കമ്മിറ്റിയെയും സംസ്ഥാന ഭാരവാഹികളെയും ഇന്ന് തിരഞ്ഞെടുക്കും.
'കാർഷിക പ്രതിസന്ധിയും പരിഹാര മാർഗങ്ങളും' എന്ന വിഷയത്തിൽ ഇന്നലെ വൈകിട്ട് നടന്ന സെമിനാർ അശോക് ധാവ്‌ള ഉദ്ഘാടനം ചെയ്‌തു.
സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ 625 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. പ്രതിനിധികൾക്ക് ഭക്ഷണം നൽകാൻ ആവശ്യമായ ജൈവ പച്ചക്കറികൾ, അരിക്കാവശ്യമായ നെല്ല്, മത്സ്യം എന്നിവയെല്ലാം ജില്ലയിൽ കർഷകരുടെ നേതൃത്വത്തിലാണ് വിളയിച്ചത്.