ആശ്രാമം ന്യൂ ഹോക്കി സ്റ്റേഡിയത്തിലെ സ്‌പോർട്‌സ് ലൈഫ് ഫിറ്റ്‌നസ് സെന്റർ മന്ത്രി ഉദ്ഘാടനം ചെയ്‌തു
കൊല്ലം: കേരളത്തിന്റെ കായിക മേഖലയുടെ വികസനത്തിനായി എണ്ണമറ്റ പദ്ധതികളാണ് ഇടത് സർക്കാർ നടപ്പിലാക്കിയതെന്ന് മന്ത്രി ഇ.പി.ജയരാജൻ പറഞ്ഞു.ആശ്രാമം ന്യൂ ഹോക്കി സ്റ്റേഡിയത്തിലെ സ്‌പോർട്‌സ് ലൈഫ് ഫിറ്റ്‌നസ് സെന്റർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിൽ അടിസ്ഥാന സൗകര്യങ്ങൾ കുറവായിരുന്നു. കളിക്കളങ്ങൾ കുറഞ്ഞു വന്നതിനൊപ്പം ഫുട്ബോൾ കേരളത്തിൽ നിന്ന് അകന്ന് പോയി. എന്നാൽ, ഇടത് സർക്കാർ കായിക മേഖലയിൽ വലിയ ശ്രദ്ധ ചെലുത്തിയതോടെ ഫുട്ബോളിന്റെ മാത്രമല്ല, കേരളമാകെ എല്ലാ കായിക ഇനങ്ങളുടെയും ആവേശം തിരികെ വന്നു. ജനങ്ങളിലും ആ മാറ്റം കണ്ട് തുടങ്ങി. സംസ്ഥാനത്താകെ 33 ആധുനിക നീന്തൽ കുളങ്ങളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. കൊല്ലത്തെ സ്റ്റേഡിയം കോംപ്ലക്സിന്റെ നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
എം.മുകേഷ് എം.എൽ.എ അദ്ധ്യക്ഷനായിരുന്നു. മേയർ ഹണി ബെഞ്ചമിൻ, ജില്ലാ കളക്ടർ ബി.അബ്ദുൽനാസർ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എക്സ്.ഏണസ്റ്റ്, വൈസ് പ്രസിഡന്റ് ഡോ.കെ.രാമഭദ്രൻ, സെക്രട്ടറി കെ.എസ്.അമൽജിത്ത്, സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം രഞ്‌ജു സുരേഷ്,കായിക യുവജനകാര്യാലയം എക്‌സിക്യൂട്ടീവ് എഞ്ചിനീയർ സി.അനന്തകൃഷ്‌ണൻ, അഡീഷണൽ ഡയറക്ടർ ബി.അജിത്കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.