v
മുച്ചക്ര വാഹനം

കൊല്ലം: ശൂരനാട് സ്വദേശിയായ അംഗപരിമിതന് തന്റെ മുച്ചക്ര വാഹനവുമായി വീട്ടിലെത്താനായി പ്രമാണത്തിൽ രേഖപ്പെടുത്തിയ വഴി വേർതിരിച്ച് നൽകാൻ ജില്ലാ കളക്‌ടർ 15 ദിവസത്തിനകം നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു. നടപടി സ്വീകരിച്ച ശേഷം റിപ്പോർട്ട് ചെയ്യണമെന്നും കമ്മിഷൻ അംഗം വി.കെ. ബീനാകുമാരി കൊല്ലം ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി. ശൂരനാട് പുലിക്കുളത്ത് ശശിധരൻ ആചാരിക്ക് വഴി നൽകാനാണ് ഉത്തരവ്. അദ്ദേഹത്തിന് അർഹതപ്പെട്ട വഴി ചിലർ തടസപ്പെടുത്തുന്നുവെന്നാണ് പരാതി. 1979 മുതൽ ഇവിടെ താമസിക്കുന്ന പരാതിക്കാരന് പഞ്ചായത്തിൽ നിന്ന് ലഭിച്ച മുച്ചക്ര വാഹനം വീട്ടിൽ കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയാണ്. കൊല്ലം ആർ.ഡി.ഒയ്ക്കും പൊലീസിനും പരാതി നൽകിയെങ്കിലും ഫലപ്രദമായ നടപടിയുണ്ടായില്ല. ശൂരനാട് പൊലീസ് ഔദ്യോഗിക കൃത്യ നിർവഹണത്തിൽ വേണ്ടത്ര ശ്രദ്ധ ചെലുത്തിയില്ലെന്ന് കമ്മിഷൻ നിരീക്ഷിച്ചു.

പ്രമാണത്തിലുള്ള ന്യായവും അർഹവുമായ വഴിക്ക് വേണ്ടിയാണ് പരാതിക്കാരൻ 2015 മുതൽ ജില്ലാ ഭരണകൂടത്തിന് മുന്നിൽ സഹായം അഭ്യർത്ഥിക്കുന്നതെന്ന് കമ്മിഷൻ ചൂണ്ടിക്കാട്ടി.