പുനലൂർ: കൂലിപ്പണിയെടുത്ത് പട്ടിണിയോട് പടവെട്ടിയ യുവ കായിക താരത്തിന് സർക്കാർ ജോലി ലഭിച്ച ആഹ്ലാദത്തിലാണ് മലയോര ഗ്രാമം.ഇടമൺ കൊല്ലന്റഴികത്ത് വീട്ടിൽ വിജയകുമാർ -അംബിക ദമ്പതികളുടെ മകൻ വി.വിഷണുവിനാണ് (27) വിദ്യാഭ്യാസ വകുപ്പിൽ ജോലി ലഭിച്ചത്.
ബുധനാഴ്ച ചേർന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിൽ 195 കായിക താരങ്ങൾക്ക് ജോലി നൽകാൻ സർക്കാർ തിരുമാനിച്ചിരുന്നു. അതിന്റെ ഭാഗമായി വിഷ്ണു കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ ഡി.പി.ഐയിൽ ജോലിയിൽ പ്രവേശിച്ചു.
ഒരു കാലത്ത് കോളേജ് തലത്തിൽ ഇന്ത്യയിൽ തന്നെ തിളങ്ങിയ താരമാണ് വിഷ്ണു.
2012ൽ പുനലൂർ ശ്രീനാരായണ കോളേജിൽ ഒന്നാം വർഷ ബി.എ ഹിസ്റ്ററി വിഭാഗം വിദ്യാർത്ഥിയായിരുന്നപ്പോൾ ബംഗളൂരുവിലും കൊൽക്കത്തയിലും നടന്ന ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി മത്സരത്തിലെ 400മീറ്റർ ഓട്ടത്തിൽ സ്വർണ മെഡൽ നേടിയിരുന്നു. 2013ൽ ബംഗളൂരുവിൽ നടന്ന 400 റിലേയിലും രണ്ട് സ്വർണമെഡലുകൾ കരസ്ഥമാക്കി. 2012മുതൽ തുടർച്ചയായി മൂന്നു വർഷം കേരള യൂണിവേഴ്സിറ്റിയുടെ 400മീറ്റർ ഓട്ട മത്സരങ്ങളിൽ വ്യക്തഗത ചാമ്പ്യനായിരുന്നു. ഇടമൺ യു.പി.സ്കൂളിൽ പഠിക്കുന്ന കാലം മുതൽ കായിക മത്സരങ്ങളിൽ ജേതാവായിരുന്നു.
കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കിയെങ്കിലും ജോലി ലഭിച്ചില്ല. പിതാവിനൊപ്പം തടിപ്പണി അടക്കമുളള ജോലികൾ ചെയ്തു കുടുംബം പുലർത്തി. 2015ൽ കായിക താരമായ തനിക്ക് സർക്കാർ ജോലി നൽകണമെന്നാവശ്യപ്പെട്ട് അപേക്ഷ നൽകിയിരുന്നു. കാത്തിരുന്നു മടുത്തതോടെ വീണ്ടും കൂലിപണി തേടി പോകുകയായിരുന്നു. മാതാവ് അംബിക ഇടമണിലെ കശുഅണ്ടി ഫാക്ടറിയിലെ തൊഴിലാളിയായിരുന്നു.
ഓടു മേഞ്ഞ ചെറിയകൂരയിൽ സഹോദരിക്കും മാതാപിതാക്കൾക്കുമൊപ്പമാണ് താമസം. വീട്ടിലേക്കുള്ള വഴിയാകട്ടെ ഏറെ ഇടുങ്ങിയതും.
ആറ് വർഷം മുമ്പ് ദേശിയ മത്സരത്തിൽ താരത്തിന് സ്വർണമെഡൽ ലഭിച്ചപ്പോൾ അന്ന് എം.എൽ.എ ആയിരുന്ന മന്ത്രി കെ.രാജു വീട്ടിലെത്തി വിഷ്ണുവിനെ ആദരിച്ചു. അന്ന് വഴി നവീകരിക്കാൻ അഞ്ച് ലക്ഷം രൂപ അനുവദിച്ചെങ്കിലും റോഡ് പണികൾ ആരംഭിക്കാത്ത വിഷമത്തിലാണ് കായിക താരവും കുടുംബവും.
തെന്മല പഞ്ചായത്തിലെ ലൈഫ് പാർപ്പിട പദ്ധതിയിൽ ഉൾപ്പെടുത്തി വിഷ്ണുവിന് നാല് ലക്ഷം രൂപ ചെലവഴിച്ച് രണ്ട് മുറിയും അടുക്കളയുമുളള പുതിയ വീട് വച്ചു. വീട് പണികൾക്ക് ആവശ്യമായ സാധനങ്ങൾ തല ചുമടായിട്ടാണ് എത്തിച്ചത്.സഹോദരിയുടെ വിവാഹം കഴിഞ്ഞു.