photo
കല്ലടയാറിന് കുറുകെ കുളക്കട ചെട്ടിയാരഴികത്ത് കടവിൽ നിർമ്മിക്കുന്ന പാലത്തിന്റെ നിർമ്മാണ ജോലികൾ പുരോഗമിക്കുന്നു

കൊട്ടാരക്കര: കല്ലടയാറിന് കുറുകേ താഴത്ത് കുളക്കടയിൽ ചെട്ടിയാരഴികത്ത് പാലം നിർമ്മാണം പുരോഗമിക്കുന്നു. രണ്ട് വർഷത്തിനുള്ളിൽ പാലം ഗതാഗതത്തിന് തുറന്നുകൊടുക്കാൻ കഴിയുമെന്നാണ് അധികൃതർ പറയുന്നത്. താഴത്ത് കുളക്കട ഗ്രാമത്തെയും പത്തനംതിട്ട ജില്ലയിലെ മണ്ണടിയെയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് പാലം. കിഫ്ബിയുടെ സഹായത്തോടെ 11.22 കോടി രൂപ ചെലവഴിച്ചാണ് പാലം നിർമ്മിക്കുന്നത്. പാലത്തിനും അപ്രോച്ച് റോഡിനും ആവശ്യമായ സ്ഥലം കുളക്കട, കടമ്പനാട് വില്ലേജുകളിലുള്ളവർ സൗജന്യമായി വിട്ടുനൽകിയതാണ്. മഠത്തിനാപ്പുഴ ബണ്ടുഭാഗത്ത് വീതികൂട്ടി വശങ്ങളിൽ കരിങ്കൽ അടുക്കുന്ന പ്രവർത്തനം പൂർത്തീകരണത്തിന്റെ വക്കിലാണ്.

വേലുത്തമ്പി ദളവയുടെ ഓർമ്മ നിലനിർത്തണം

വേലുത്തമ്പി ദളവയുടെ ജീവത്ത്യാഗത്താൽ പ്രസിദ്ധമായ മണ്ണടി ക്ഷേത്രം, വേലുത്തമ്പി സ്മാരക മ്യൂസിയം എന്നി ചരിത്ര സ്ഥലങ്ങളിലേക്ക് എത്തിച്ചേരാനുള്ള എളുപ്പ മാർഗമാണ് പുതിയ പാലം. കുളക്കടയിൽ നിന്ന് കല്ലടയാർ കടന്നാണ് ദളവ മണ്ണടിയിലെത്തിയത്. വേലുത്തമ്പി ദളവയുടെ സ്മരണ നിലനിൽക്കുന്ന പ്രദേശമായതിനാൽ പാലത്തിന് വേലുത്തമ്പി ദളവയുടെ പേര് നൽകണമെന്നതും ഏറെ നാളായുള്ള ആവശ്യമാണ്.

ബദൽ പാലമാകും

എം.സി റോഡിൽ ഏനാത്ത് പാലത്തിന് ബലക്ഷയമുണ്ടായപ്പോൾ ഗതാഗതത്തിന് വലിയ ബുദ്ധിമുട്ടുണ്ടായിരുന്നു. ഏനാത്ത് പാലത്തിന്റെ ബലക്ഷയം മാറ്റുന്നതുവരെ മറ്റ് വഴികളിലൂടെ ഏറെ ദൂരം സഞ്ചരിച്ചാണ് വാഹനങ്ങൾ അടൂർ ഭാഗത്തും കുളക്കട ഭാഗത്തുമൊക്കെ എത്തിയിരുന്നത്. ചെട്ടിയാരഴികത്ത് പാലം യാഥാർത്ഥ്യമാകുമ്പോൾ അതൊരു ബദൽ പാലമാകും. എം.സി റോഡിൽ ഗതാഗത തടസം രൂക്ഷമാകുമ്പോൾ ഈ പാലംവഴി വാഹനങ്ങൾ കടത്തിവിടാൻ കഴിയുമെന്ന് അധികൃതർ വ്യക്തമാക്കി.

കിഫ്ബിയുടെ സഹായത്തോടെ 11.22 കോടി രൂപ ചെലവഴിച്ചാണ് പാലം നിർമ്മിക്കുന്നത്.

110 മീറ്റർ നീളമുള്ള പാലം

കല്ലടയാറിന് കുറുകേ 110 മീറ്റർ നീളവും 7.5 മീറ്റർ ക്യാരേജ് വേയും ഇരുവശങ്ങളിലായി 1.5 മീറ്റർ നടപ്പാതയും ഉൾപ്പടെ 11 മീറ്റർ വീതിയുള്ള പാലമാണ് നിർമ്മിക്കുക.

4 സ്പാനുകൾ

രണ്ട് സ്പാനുകൾ 32 മീറ്റർ നീളത്തിലും രണ്ട് സ്പാനുകൾ 29.75 മീറ്റർ നീളത്തിലും സ്ഥാപിക്കും. പാലത്തിന്റെ കുളക്കട ഭാഗത്ത് 415 മീറ്റർ നീളത്തിലും മണ്ണടി ഭാഗത്ത് 390 മീറ്റർ നീളത്തിലും ഇരുവശത്തും ഓടകൾ ഉൾപ്പെടുത്തി ഹൈവേ നിലവാരമുള്ള അനുബന്ധ റോഡുകളും നിർമ്മിക്കും. പ്രധാന റോഡുകളെ ബന്ധിപ്പിക്കുന്ന തരത്തിലാകും അനുബന്ധ റോഡുകൾ.