കൊല്ലം: കാഞ്ഞിരകോട് കായൽ മത്സ്യസമ്പത്തിന്റെ ആവാസകേന്ദ്രമായി മാറുമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ പറഞ്ഞു. ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ നടന്ന അഷ്ടമുടി കായൽ മത്സ്യസമ്പത്ത് സംരക്ഷണവും പരിപാലനവും പദ്ധതിയുടെ ഭാഗമായി പേരയം ഗ്രാമ പഞ്ചായത്തിലെ പടപ്പക്കര, വാളാത്തിക്കടവ് എന്നിവ മത്സ്യ സംരക്ഷിത മേഖലയായി പ്രഖ്യാപിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. രണ്ട് ഹെക്ടർ പ്രദേശത്ത് 75 ലക്ഷം കരിമീൻ കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. മത്സ്യസമ്പത്ത് പുനഃസൃഷ്ടിച്ചു കൊണ്ട് മാത്രമേ ഉൾനാടൻ മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കാൻ കഴിയുകയുള്ളൂ. ജലാശയങ്ങളുടെ കാര്യത്തിൽ കേരളം ഒന്നാം സ്ഥാനത്താണെങ്കിലും അവയെ വേണ്ട രീതിയിൽ വിനിയോഗിക്കാൻ നമുക്ക് കഴിഞ്ഞിട്ടില്ല.
ദളവാപുരം-നീണ്ടകര പ്രദേശം കക്ക സംരക്ഷണ മേഖലയായും അഷ്ടമുടി കായൽ, വേമ്പനാട് കായൽ, കുമരകം അടക്കമുള്ള പ്രദേശങ്ങൾ മത്സ്യസമ്പത്ത് സംരക്ഷണ മേഖലയായും പ്രഖ്യാപിച്ചിട്ടുണ്ട്. കായൽ കാണാൻ വരുന്ന വിനോദസഞ്ചാരികൾക്ക് ഹോം സ്റ്റേ പോലുള്ള സൗകര്യങ്ങൾ ഒരുക്കിയാൽ അതിൽനിന്നും മത്സ്യ മേഖലയിലുള്ളവർക്ക് വരുമാനം ഉണ്ടാക്കാൻ കഴിയും. മത്സ്യതൊഴിലാളികളുടെ ജീവിതം പട്ടിണി ഇല്ലാതെ നിലനിറഉത്തുക എന്നുള്ളതാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
തൊടുകയിൽ കായൽവാരത്ത് നടന്ന പരിപാടിയിൽ ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബു അദ്ധ്യക്ഷനായി. ഫിഷറീസ് വകുപ്പ് ജോയിന്റ് ഡയറക്ടർ എം. ശ്രീകണ്ഠൻ, ജില്ലാ പഞ്ചായത്ത് അംഗം ജൂലിയറ്റ് നെൽസൺ, പേരയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്റ്റാൻസി യേശുദാസൻ, വൈസ് പ്രസിഡന്റ് അനീഷ് പടപ്പക്കര, ചിറ്റുമല ബ്ലോക്ക് പഞ്ചായത്തംഗം ഉഷ പ്രസാദ്, പേരയം ഗ്രാമ പഞ്ചായത്തംഗങ്ങളായ മേരീ സ്റ്റെല്ല, രജിത സജീവ്, ജെ.എൽ. മോഹനൻ, എം. സുധർമ, വിക്ടർ ജോൺ, എസ്. സജീവ്, റിട്ട. സയന്റിസ്റ്റ് ഡോ. കെ. കെ. അപ്പുക്കുട്ടൻ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പി. ഗീതാകുമാരി തുടങ്ങിയവർ പങ്കെടുത്തു.
അഷ്ടമുടി കായൽ മത്സ്യസമ്പത്ത് സംരക്ഷണവും പരിപാലനവും
കൊല്ലം: അഷ്ടമുടി കായലിലെ ശോഷണം സംഭവിച്ചുകൊണ്ടിരിക്കുന്ന കായൽ സമ്പത്ത് പുനരുജ്ജീവിപ്പിക്കുന്നതിന്റ ഭാഗമായി സംസ്ഥാന സർക്കാർ ഫിഷറീസ് വകുപ്പ് വഴി നടപ്പിലാക്കുന്ന പദ്ധതിയാണ് 'അഷ്ടമുടി കായൽ മത്സ്യസമ്പത്ത് സംരക്ഷണവും പരിപാലനവും'. മത്സ്യ സംരക്ഷിത പ്രദേശങ്ങൾ, കക്ക സംരക്ഷിത മേഖലകൾ എന്നിവ സൃഷ്ടിക്കുക, കണ്ടൽ വനവൽക്കരണം, മത്സ്യവിത്ത് നിക്ഷേപം തുടങ്ങിയവയാണ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്ത പദ്ധതിയുടെ ലക്ഷ്യം. 95 ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്. അഷ്ടമുടി കായലിൽ മത്സ്യസംരക്ഷിത പ്രദേശങ്ങളായി തിരഞ്ഞെടുത്തത് അഞ്ച് പ്രദേശങ്ങളാണ്. ഇതിന്റെ ഭാഗമായി പേരയം ഗ്രാമപഞ്ചായത്തിലെ പടപ്പക്കര, കാഞ്ഞിരകോട് കായൽ എന്നിവിടങ്ങളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ഇതിനായി രണ്ട് ഹെക്ടർ വീതം പ്രദേശങ്ങളിൽ റിങ്ങുകൾ, ചിരട്ട, ഓല എന്നിവ നിക്ഷേപിച്ചു അഷ്ടമുടി കായലിലെ തനത് മത്സ്യമായ കരിമീനിന് സ്വാഭാവിക പ്രജനന സ്ഥലം ഒരുക്കിയിട്ടുണ്ട്.
മുളകൾ ഉപയോഗിച്ച് വേർതിരിച്ചുള്ള മത്സ്യബന്ധനം താത്കാലികമായി നിരോധിച്ചു. ഒരു സെന്റിൽ 10 ജോഡി കരിമീൻ മത്സ്യങ്ങൾ എന്ന നിരക്കിൽ രണ്ട് ഹെക്ടർ പ്രദേശത്ത് പ്രജനന ആവാസവ്യവസ്ഥ സൃഷ്ടിക്കുമ്പോൾ ഒരു ജോഡി കരിമീനിൽ നിന്ന് കുറഞ്ഞത് 1500 കുഞ്ഞുങ്ങൾ ലഭിക്കും. രണ്ട് ഹെക്ടർ മത്സ്യ സംരക്ഷിത മേഖലയിൽ നിന്ന് ഏറ്റവും കുറഞ്ഞത് 75 ലക്ഷം കരിമീൻ കുഞ്ഞുങ്ങൾ ഒരു വർഷം കൊണ്ട് ലഭിക്കുന്നു. വളർന്നു വലുതാകുമ്പോൾ 60 ലക്ഷത്തോളം കരിമീൻ മത്സ്യങ്ങൾ മത്സ്യത്തൊഴിലാളികൾക്ക് ലഭിക്കും. ഇതോടെ മത്സ്യതൊഴിലാളികളുടെ വരുമാനം വർദ്ധിക്കും.