പുത്തൂർ: ഇപ്റ്റ പുത്തൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുത്തൂർ മണ്ഡപം ജംഗ്ഷനിൽ ഭരണഘടനാ സംരക്ഷണ സംഗമം നടത്തി. കെ.പി.എ.സി ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഇപ്റ്റ ജില്ലാ വൈസ് പ്രസിഡന്റ് റജി പുത്തൂർ അദ്ധ്യക്ഷത വഹിച്ചു. വർത്തമാനകാല ഇന്ത്യയിൽ ഭരണഘടന നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ ചിന്തകനായ സണ്ണി എം. കപിക്കാട് പ്രഭാഷണം നടത്തി. സി.പി.ഐ കുളക്കട വെസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി. സുനിൽകുമാർ, ഇപ്റ്റ ജില്ലാ കമ്മിറ്റിയംഗം ജിജി പുത്തൂർ, കെ.എസ്.ടി.എ കൊട്ടാരക്കര സബ് ജില്ലാ പ്രസിഡന്റ് അനിൽകുമാർ പവിത്രേശ്വരം തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
കത്തിച്ച പന്തങ്ങൾ കൈകളിലേന്തി ഇപ്റ്റ പ്രവർത്തകർ ഭരണഘടനാ സംരക്ഷണ പ്രതിജ്ഞ ചൊല്ലി. കേരള സർവകലാശാല ഗവേഷക വിദ്യാർത്ഥിയും ഇപ്റ്റ കൊട്ടാരക്കര മേഖലാ കമ്മിറ്റി സെക്രട്ടറിയുമായ കിരൺ ബോധി ഭരണഘടനാ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പുത്തൂർ മേഖലാ കമ്മിറ്റി സെക്രട്ടറി എം.എസ്. മനോജ് സ്വാഗതവും പ്രസിഡന്റ് ബി. ശ്രീകുമാർ നന്ദിയും പറഞ്ഞു. തുടർന്ന് കലാപരിപാടികൾ അരങ്ങേറി.