koonambaikulam-parasamarp
സ്വർണക്കൊടിമര ചുവട്ടിൽ കേരള ദേവസ്വം റിക്രൂട്ട്മെൻറ് ബോർഡ് ചെയർമാൻ അഡ്വ. എം. രാജഗോപാലൻ നായർ പറ സമർപ്പണം നടത്തുന്നു

കൊല്ലം: വടക്കേവിള വലിയകൂനമ്പായിക്കുളം ശ്രീഭദ്രകാളി ക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവത്തിന്റെ ഭാഗമായി അഞ്ചാം ഉത്സവ ദിവസമായ ഇന്ന് രാത്രി 8.55നും 9.15നും മദ്ധ്യേ ദേവിക്ക് തൃക്കല്യാണവും തുടർന്ന് മംഗല്യസദ്യയും നടക്കും. ഉത്സവത്തിലെ വിശേഷാൽ ചടങ്ങുകളാണിവ.

വൈകിട്ട് 4.30ന് മാലപ്പുറം ഉത്സവ ആഘോഷസമിതിയുടെ വിളംബര ഗജഘോഷയാത്രയും അഷ്ടമംഗല്യ താലപ്പൊലിയും, രാത്രി 7 മുതൽ കോട്ടയം മെഗാ ബീറ്റ്സിൻറെ ഗാനമേള, രാത്രി 8 ന് വിളക്കെഴുന്നള്ളത്ത്. അതിനുശേഷമാണ് തൃക്കല്യാണം.

ആറാം ഉത്സവ ദിവസമായ നാളെ രാവിലെ 10ന് കാര്യസിദ്ധിപൂജ, വൈകിട്ട് 6ന് പുഷ്പാഭിഷേകം, വിളക്കെഴുന്നള്ളത്ത്, മംഗളപൂജ, രാത്രി 7മുതൽ ദേവസംഗീതം ഗാനാർച്ചന, 8ന് പുന്തലത്താഴം ഉത്സവാഘോഷസമിതിയുടെ ഗംഭീര കെട്ടുകാഴ്ച, അഷ്ടമംഗല്യ താലപ്പൊലി. ഫെബ്രു. 29ന് ഗംഭീര കെട്ടുകാഴ്ചയോടും തിരുആറാട്ടോടും കൂടി ഉത്സവം സമാപിക്കും.

ഉത്സവദിവസങ്ങളിൽ മാത്രം സ്വർണക്കൊടിമര ചുവട്ടിൽ നടക്കുന്ന പ്രധാന വഴിപാടായ പറസമർപ്പണത്തിന് തിരക്കേറി.ജാതിമതഭേദമന്യേ എല്ലാ ഭക്തർക്കും പറ സമർപ്പിക്കാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. നെൽ പറ, അവൽ പറ, ചെറുപയർ പറ, നാണയ പറ, മഞ്ഞൾ പറ തുടങ്ങിയവയാണ് പ്രധാന പറ വഴിപാടുകൾ.