ഗുരുതരമായി പരിക്കേറ്റ ഗൃഹനാഥൻ വെന്റിലേറ്ററിൽ
പരവൂർ: മദ്യപാനത്തിനിടെ ഉണ്ടായ വാക്കുതർക്കത്തിൽ ഗൃഹനാഥന്റെ തലയിൽ ബിയർകുപ്പി കൊണ്ട് അടിച്ച് പരിക്കേൽപ്പിക്കുകയും മർദ്ദിക്കുകയും ചെയ്ത കേസിൽ മൂന്ന് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ കോങ്ങാൽ പുതുവീട്ടിൽ ഗോപാലകൃഷ്ണപിള്ള (68) ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിലാണ്. സംഭവവുമായി ബന്ധപ്പെട്ട് കോങ്ങാൽ സ്വദേശികളായ തെക്കേമുള്ളിൽ വീട്ടിൽ എസ്. സജിൻ (24), ഇടച്ചിലഴികം വീട്ടിൽ എ. അർഷുദ്ദീൻ (24) വാറിൽ വീട്ടിൽ അഹമ്മദ് (19) എന്നിവരെയാണ് പരവൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച്ച രാത്രി 9.30നാണ് സംഭവം. ഗോപാലകൃഷ്ണപിള്ള തന്റെ വീട്ടിൽ പ്രതികളോടൊപ്പമിരുന്ന് മദ്യപിക്കുകയായിരുന്നു. ഇതിനിടെ ഇവർ തമ്മിൽ വാക്കുതർക്കം ഉണ്ടാകുകയും മദ്യലഹരിയിലായിരുന്ന സജിൻ ബിയർ കുപ്പി കൊണ്ട് ഗോപാലകൃഷ്ണപിള്ളയുടെ തലയ്ക്കടിക്കുകയും ചെയ്തു. അടികൊണ്ട് വീണ ഗൃഹനാഥനെ അർഷുദ്ദീനും അഹമ്മദും ചേർന്ന് മർദ്ദിച്ചു. അൽപ്പനേരം കഴിഞ്ഞ് വീട്ടിലെത്തിയ ഗൃഹനാഥന്റെ സഹോദരി ബോധരഹിതനായി തറയിൽ കിടക്കുന്ന ഗോപാലകൃഷ്ണപിള്ളയെയാണ് കണ്ടത്. വീട്ടിൽ നിന്ന് മൂന്ന് പേർ പുറത്തേക്കിറങ്ങി പോകുന്നത് കണ്ട ഇവർ ഉടൻ തന്നെ നാട്ടുകാരെ വിളിച്ചുകൂട്ടിയെങ്കിലും പ്രതികൾ രക്ഷപ്പെട്ടിരുന്നു.
പരവൂർ പൊലീസ് സ്ഥലത്തെത്തി ഗോപാലകൃഷ്ണപിള്ളയെ നെടുങ്ങോലം താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. മർദ്ദനത്തിൽ ഇദ്ദേഹത്തിന്റെ മുൻനിരയിലെ പല്ലുകൾ കൊഴിഞ്ഞുപോയിരുന്നു.
തുടർന്ന് നടന്ന അന്വേഷണത്തിൽ സി.ഐ എസ്. സാനിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കഴിഞ്ഞ ദിവസം അഹമ്മദിനെ അറസ്റ്റ് ചെയ്യുകയും മറ്റുള്ളവർ സ്റ്റേഷനിൽ കീഴടങ്ങുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.