കൊട്ടാരക്കര: കൊട്ടാരക്കരയിൽ ഇന്നലെ മൂന്നിടത്ത് തീപിടിത്തമുണ്ടായി. തൃക്കണ്ണമംഗൽ തട്ടം ഭാഗത്ത് റബർ തോട്ടത്തിനു തീ പിടിച്ച് സമീപത്തുള്ള കാർഷിക വിളകൾ കത്തി നശിച്ചു. ഇന്നലെ പുലർച്ചെ നാലുമണിയോടെ തൃക്കണ്ണമംഗൽ തട്ടത്തു നഗർ കലമ്പോട്ടി വിള ഭാഗത്ത് കുഞ്ഞുണ്ണി, കുഞ്ഞപ്പൻ സി. വർഗീസ് എന്നിവരുടെ റബർ തോട്ടത്തിലാണ് തീ പടർന്നത്. സമീപത്തെ പുരയിടങ്ങളിലെ വാഴ, തെങ്ങ്, മരച്ചീനി എന്നിവയും കത്തിനശിച്ചു. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ഏറെ പണിപ്പെട്ടാണ് തീ കെടുത്തിയത്.
ചിരട്ടക്കോണം മലങ്കര ഓർത്തഡോക്സ് പള്ളിക്കു സമീപം ആൾ വാസമില്ലാത്ത പറമ്പിലെ കുറ്റിക്കാട്ടിനും തീ പിടിച്ചു. പള്ളിവക വസ്തുവാണ്. കഴിഞ്ഞ മാസം നാലു തവണ ഇവിടെ തീപിടിത്തമുണ്ടായെന്ന് ഫർഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു.
അവണൂർ വല്ലം ഗവ. എൽ.പി സ്കൂളിനു സമീപം കുറ്റിക്കാട്ടിൽ പടർന്നു പിടിച്ച തീ പറമ്പിലെ തെങ്ങിലേക്കു കത്തിക്കയറി. തുടർന്ന് കൊട്ടാരക്കര നിന്ന് ഫയർ ഫോഴ്സ് എത്തിയാണ് തീ കെടുത്തിയത്.