sanjay-kumar-garudin

കൊല്ലം: കുളത്തൂപ്പുഴയിൽ മുപ്പതടി പാലത്തിനടുത്ത് കണ്ടെത്തിയ വെടിയുണ്ടകൾ പാകിസ്ഥാൻ നിർമ്മിതമെന്ന് പൊലീസ് ബാലിസ്റ്റിക് വിഭാഗം സ്ഥിരീകരിച്ചു. പി.ഒ.എഫ് (പാകിസ്ഥാൻ ഓർഡ്നൻസ് ഫാക്ടറി)​ എന്ന് നിർമ്മാണ മുദ്ര കണ്ട വെടിയുണ്ടകൾ വിശദപരിശോധന നടത്തിയ ശേഷമാണ് സ്ഥിരീകരണം. സംഭവത്തിൽ അന്വേഷണത്തിന് കേന്ദ്ര ഏജൻസിയുടെ സഹായം തേടിയതായി സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ അറിയിച്ചു. കേസ് ഉടൻ എൻ.ഐ.എ ഏറ്റെടുക്കുമെന്നാണ് സൂചന.

തിരുവനന്തപുരം- തെന്മല സംസ്ഥാന പാതയിൽ കൂളത്തൂപ്പുഴ വനമേഖലയിലെ റോഡരികിൽ ശനിയാഴ്ച ഉച്ച കഴിഞ്ഞാണ് കവറിൽ പൊതിഞ്ഞ 14 വെടിയുണ്ടകൾ കണ്ടെത്തിയത്. ഈ മേഖലയിൽ ആന്റി ടെററിസ്റ്റ് സ്ക്വാഡും (എ.ടി.എസ്)​ പൊലീസ് ഡോഗ് സ്ക്വാഡും ആരംഭിച്ച പരിശോധന തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഇതു വഴി കടന്നുപോയ വാഹനങ്ങളുടെ ദൃശ്യങ്ങൾ സമീപത്തെ സിസി ടിവികളിൽ നിന്ന് പൊലീസ് ശേഖരിച്ചു തുടങ്ങി.

വെടിയുണ്ടകളിൽ 12 എണ്ണത്തിലാണ് പി.ഒ.എഫ് എന്നും 1980- 82 കാലയളവിൽ നിർമ്മിച്ചതാണെന്നും രേഖപ്പെടുത്തിയിരിക്കുന്നത്. മിലിട്ടറി ഇന്റലിജൻസ് ആർമി മേജർ, തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി എന്നിവരടങ്ങുന്ന സംഘമാണ് ഇന്നലെ കുളത്തൂപ്പുഴ പൊലീസ് സ്റ്റേഷനിലെത്തി വെടിയുണ്ടകൾ പരിശോധിച്ചത്. സ്ഥലം സന്ദർശിച്ച സംഘം റൂറൽ എസ്.പി ഹരിശങ്കറുമായി കൂടിക്കാഴ്ച നടത്തി. പാക് മുദ്ര ഇല്ലാതിരുന്ന രണ്ട് വെടിയുണ്ടകൾ എ.കെ 47 തോക്കുകളിൽ ഉപയോഗിക്കുന്ന തരമാണെന്ന് മിലിട്ടറി ഇന്റലിജൻസ് സ്ഥിരീകരിച്ചിട്ടുണ്ട്.

എൻ.ഐ.എ ഉദ്യോഗസ്ഥർ, ക്രൈം ബ്രാഞ്ച് മേധാവി ടോമിൻ ജെ. തച്ചങ്കരി, സംസ്ഥാന ആന്റി ടെററിസ്റ്റ് സ്ക്വാഡ് മേധാവി അനൂപ് കുരുവിള എന്നിവരും ഉണ്ടകൾ പരിശോധിച്ചു. സമീപകാലത്ത് കുളത്തൂപ്പുഴ മേഖലയിൽ ആയുധങ്ങൾ കണ്ടെടുത്തതുമായി ബന്ധപ്പെട്ട സംഭവത്തിന്റെ റിപ്പോർട്ട് റൂറൽ എസ്.പിയോട് എൻ.ഐ.എ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്.

 പൊലീസ് പറയുന്ന സാദ്ധ്യത

1.പാക് തീവ്രവാദ സംഘടനകളുമായി ബന്ധമുള്ളവരിൽ നിന്ന് വാഹനയാത്രയ്ക്കിടെ നഷ്ടമായതാകാം.

2. തെന്മലയിൽ വർഷങ്ങൾക്കു മുൻപ് തമ്പടിച്ചിരുന്ന തീവ്രവാദ ബന്ധമുള്ളവർ ഉപേക്ഷിച്ചതാകാം.

3. അതിർത്തിയിൽ ജോലി ചെയ്തിരുന്ന ഇന്ത്യൻ ജവാന്മാർ കൈവശം വച്ചശേഷം ഉപേക്ഷിച്ചതാകാം.