പത്തനാപുരം : കറവൂർ അച്ചൻകോവിൽ പാതയുടെ രണ്ടാം ഘട്ട പ്രവർത്തനം കരാറുകാരൻ ഉപേക്ഷിച്ചതിനെ തുടർന്ന് ചെമ്പനരുവി നിവാസികൾ കെ.ബി. ഗണേശ്കുമാർ എം.എൽ.എയ്ക്ക് പരാതി നൽകി. അലിമുക്ക് മുതൽ ചെമ്പനരുവി വരെയുള്ള ഒന്നാം റീച്ചിന്റെ രണ്ടാം ഘട്ട പ്രവർത്തനങ്ങളാണ് കരാറുകാരൻ മാസങ്ങളായി നിറുത്തി വച്ചത്. ചെമ്പനരുവി മുതൽ അച്ചൻകോവിൽ വരെയുള്ള ഭാഗത്ത് പുനരുദ്ധാരണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണ്.
നബാർഡിന്റെ ഫണ്ട് വനം വകുപ്പിന് കൈമാറി പൊതുമരാമത്ത് വകുപ്പിന്റെ മേൽനോട്ടത്തിലാണ് പാതയുടെ നിർമ്മാണം നടക്കുന്നത്. അഞ്ചൽ സ്വദേശിയായ സ്വകാര്യ കരാറുകാരനാണ് ഒന്നാം റീച്ചിന്റെ നിർമ്മാണം എറ്റെടുത്തത്. പാത നിർമ്മാണം അടിയന്തിരമായി പൂർത്തീകരിക്കാനുള്ള നടപടി വേണമെന്നാവശ്യപ്പെട്ടാണ് പിറവന്തൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റഷീദിന്റെ നേതൃത്വത്തിൽ എം.എൽ.എയ്ക്ക് പരാതി നൽകിയത്. പരാതിയെ തുടർന്ന് ഗണേശ് കുമാർ മന്ത്രി സുധാകരനുമായി ഫോണിൽ ബന്ധപ്പെട്ടു. പ്രശ്‌നത്തിന് പരിഹാരം കാണുമെന്ന് മന്ത്രി ഉറപ്പ് നല്കിയതായി നാട്ടുകാരോട് ഗണേശ് കുമാർ എം.എൽ.എ പറഞ്ഞു.