കൊല്ലം: പുതുതായി തിരഞ്ഞെടുക്കപ്പെട്ട ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെ സ്വീകരിക്കാൻ നടത്തിയ റോഡ് ഷോ നഗരത്തെ ഇളക്കിമറിച്ചു.
എസ്.എൻ കോളേജ് ജംഗ്ഷനിലെ ശാരദാമഠത്തിന് മുന്നിൽനിന്നാണ് റോഡ് ഷോ ആരംഭിച്ചത്. തുറന്ന വാഹനത്തിൽ ജനങ്ങളെ അഭിവാദ്യം ചെയ്ത സുരേന്ദ്രനെ നൂറ് കണക്കിന് പ്രവർത്തകർ ബൈക്കുകളിൽ അനുഗമിച്ചു. കർബല, റെയിൽവേ സ്റ്റേഷൻ, ചിന്നക്കട വഴി റോഡ് ഷോ കടന്നുപോയി. സ്വീകരണ കേന്ദ്രമായ ജവഹർ ബാലഭവനിൽ വാദ്യമേളങ്ങളുടെയും പുഷ്പവൃഷ്ടിയുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ പ്രവർത്തകർ വേദിയിലേക്ക് ആനയിച്ചു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ബി.ജെ.പി കൊല്ലത്തിന്റെ ചരിത്രം തിരുത്തിയെഴുതുമെന്ന് സ്വീകരണ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ച ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ പറഞ്ഞു.