കൊല്ലം: തന്നെ മതനിന്ദകനും ഭീകരനുമായി ചിത്രീകരിക്കുന്നതിൽ മാദ്ധ്യമങ്ങൾക്കുള്ള പങ്ക് പറയാതിരിക്കാനാവില്ലെന്ന് ചോദ്യപേപ്പർ വിവാദത്തിന്റെ പേരിൽ ആക്രമിക്കപ്പെട്ട പ്രൊഫ. ടി.ജെ.ജോസഫ്. കൊല്ലം പ്രസ് ക്ലബിൽ മാദ്ധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. മത തീവ്രവാദികൾ ആക്രമിക്കും വരെ മാദ്ധ്യമങ്ങൾ തനിക്ക് അനുകൂലമായിരുന്നില്ല. അക്രമിക്കപ്പെട്ട ശേഷമാണ് ചോദ്യപേപ്പർ തയ്യാറാക്കിയതിൽ ഉൾപ്പെടെയുള്ള തന്റെ നിലപാട് കേൾക്കാനും അത് ലോകത്തോട് പറയാനും മാദ്ധ്യമങ്ങൾ തയ്യാറായത്. ചെയ്യാത്ത തെറ്റിന് ശിക്ഷിച്ചവർക്ക് ഇപ്പോഴും തന്നെ തെറ്റുകാരനായി നിറുത്തേണ്ടത് അനിവാര്യമാണ്. കുറ്റപത്രം സമർപ്പിച്ചപ്പോൾ തന്നെ കോടതി തള്ളിയ ഒരു കേസിൽ താൻ ഇനിയും തെറ്റുകാരനെന്ന് പറയുന്നവർ നിയമവ്യവസ്ഥയെ അംഗീകരിക്കാത്തവരാണ്. സി.പി.എം അനുകൂല അദ്ധ്യാപക സംഘടനയായ എ.കെ.പി.സി.ടി.എയിലാണ് താൻ പ്രവർത്തിച്ചിരുന്നത്. ആക്രമിക്കപ്പെട്ട കാലത്ത് എ.കെ.പി.സി.ടി.എയും ഇടത് സംഘടനകളും കഴിയാവുന്നത്ര മനോബലവും പിന്തുണയും തന്നിട്ടുണ്ട്. നേരിട്ട ദുരിത കാലത്തെ കുറിച്ച് ലോകത്തോട് പറയാൻ എഴുതിയ 'അറ്റുപോകാത്ത ഓർമ്മകൾ" എന്ന പുസ്‌തകത്തിന്റെ മൂന്നാമത്തെ പതിപ്പാണ് ഇപ്പോൾ വിപണിയിലുള്ളതെന്നും പ്രൊഫ.ടി.ജെ.ജോസഫ് പറഞ്ഞു.