intel

ഒരു വയസിനും 19 വയസിനും ഇടയിൽ പ്രായമുള്ളവർ കഴിക്കണം

കൊല്ലം: കുട്ടികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്ന വിരശല്യം ഒഴിവാക്കാൻ ദേശീയ വിരവിമുക്ത ദിനമായ ഇന്ന് ജില്ലയിലെ കുട്ടികൾക്ക് ആൽബൻഡസോൾ ഗുളിക നൽകും.

ഒരു വയസിനും 19 വയസിനും ഇടയിൽ പ്രായമുള്ള 5,86,349 കുട്ടികൾക്ക് ഗുളിക നൽകാനാണ് പദ്ധതി.

സ്കൂളുകളിലും അങ്കണവാടികളിലും ആരോഗ്യ പ്രവർത്തകരുടെ മേൽനോട്ടത്തിൽ അങ്കണവാടി വർക്കർമാരും അദ്ധ്യാപികമാരുമാണ് വിതരണം ചെയ്യുന്നത്. ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ 10ന് തേവള്ളി ഗവ.ബോയ്സ് എച്ച്.എസ്.എസിൽ മേയർ ഹണി ബെഞ്ചമിൻ നിർവഹിക്കും. കളക്ടർ ബി.അബ്ദുൽനാസർ പങ്കെടുക്കും. അങ്കണവാടികൾ, പ്ലേ സ്കൂളുകൾ, സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, കേന്ദ്രീയ വിദ്യാലയം ഉൾപ്പെടെ എല്ലാ സ്കൂളുകളിലും കുട്ടികൾക്ക് വിര ഗുളികകൾ നൽകും. വിദ്യാഭ്യാസ വകുപ്പ്, സാമൂഹിക നീതി വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെയാണ് ആരോഗ്യ വകുപ്പ് വിര വിമുക്ത ദിനം സംഘടിപ്പിക്കുന്നത്.

 വിരബാധ മണ്ണിലൂടെ

1.ഇന്ത്യയിൽ ഒരു വയസിനും 14 വയസിനും ഇടയിൽ പ്രായമുള്ള 68 ശതമാനം കുട്ടികൾക്കും മണ്ണിലൂടെ പകരുന്ന വിരബാധയ്ക്ക് സാധ്യത ഉണ്ടെന്നാണ് ലോക ആരോഗ്യ സംഘടനയുടെ കണ്ടെത്തൽ. ശുചിത്വക്കുറവാണ് കാരണം.

2.ശരീരത്തിൽ പ്രവേശിക്കുന്ന വിരകൾ ആഹാരത്തിലെ പോഷക മൂല്യത്തിന്റെ വലിയ അളവ് ചോർത്തിയെടുക്കും.

3. കുട്ടികളിൽ വിളർച്ച, വളർച്ചക്കുറവ്, പ്രസരിപ്പ് ഇല്ലായ്മ, പഠനത്തിൽ ഏകാഗ്രത കുറവ് തുടങ്ങിയവ അനുഭവപ്പെടുന്നു.

4.ദീർഘനാൾ വിര നീണ്ടുനിൽക്കുന്നത് ശാരീരിക മാനസിക വളർച്ചയെ പ്രതികൂലമായി ബാധിക്കും.


ശ്രദ്ധിക്കുക, ഇക്കാര്യങ്ങൾ

1- ക്ലാസുകളിൽ ഉച്ചഭക്ഷണത്തിന് ശേഷമാണ് ഗുളിക നൽകേണ്ടത്

2- ഇന്ന് എത്താതിരിക്കുന്ന കുട്ടികൾക്ക് സമ്പൂർണ്ണ വിരവിമുക്ത ദിനമായ മാർച്ച് മൂന്നിന് ഗുളിക നൽകണം

3- പനിയും മറ്റ് രോഗങ്ങളും ബാധിച്ചവർക്ക് ഗുളികകൾ നൽകേണ്ടതില്ല. രോഗം ഭേദമായ ശേഷമോ ഡോക്ടറുടെ നിർദേശ പ്രകാരമോ മാത്രം ഗുളിക നൽകാം.

4- ഗുളിക ചവച്ചരച്ച് കഴിക്കണം. മധുരമുള്ള ഗുളികകളാണ്. ഗുളിക കഴിച്ചശേഷം ഒരു ഗ്ലാസ് വെള്ളം കുടിക്കണം

5- ഭക്ഷണം കഴിക്കാതെ ഗുളിക കഴിക്കരുത്

6- ഒരു വയസിനും രണ്ട് വയസിനും ഇടയിലുള്ള കുട്ടികൾക്ക് പകുതി ഗുളികയാണ് നൽകേണ്ടത്. ശുദ്ധമായ ഒരു സ്പൂൺ വെള്ളത്തിൽ അലിയിച്ച് നൽകാം.

7- രണ്ട് വയസ് മുതൽ 19 വയസ് വരെയുള്ള കുട്ടികൾക്ക് ഒരു ഗുളിക നൽകണം.

8- വിരയുടെ ആധിക്യമുള്ള കുട്ടികൾക്ക് ഗുളിക കഴിച്ചശേഷം ഛർദ്ദി, ചെറിയ പനി തുടങ്ങിയവ ഉണ്ടാകാനിടയുണ്ട്. വിരകൾ നശിക്കുമ്പോൾ ഉണ്ടാകുന്ന മാറ്റങ്ങളാണവ. വിശ്രമത്തിന് ശേഷം തനിയെ ഭേദമാകും.

...................

കുട്ടികൾ പൊതുവെ ഗുളികകൾ കഴിക്കാൻ വൈമനസ്യമുള്ളവരാണ്. ആൽബൻഡസോൾ ഗുളികകൾ കഴിക്കുന്നതിലൂടെ ആരോഗ്യ സ്ഥിതിയും പഠനമികവും വർധിക്കുമെന്ന് കുട്ടികളെ പറഞ്ഞ് മനസിലാക്കണം.

ഡോ.വി.കൃഷ്‌ണവേണി

ആർ.സി.എച്ച് ഓഫീസർ