നടത്തിപ്പ് ചുമതല കുടുംബശ്രീ പ്രവർത്തകർക്ക്
കൊല്ലം: യാത്രക്കാർക്ക് വിശ്രമിക്കാനും പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാനുമായി നഗരത്തിൽ വഴിയോര വിശ്രമകേന്ദ്രങ്ങൾ ഉയരുന്നു. ദേശീപാത 66ന്റെയും കൊല്ലം - ചെങ്കോട്ട ദേശീപാതയുടെയും ഓരങ്ങളിലായി ആദ്യഘട്ടത്തിൽ 20 വിശ്രമകേന്ദ്രങ്ങൾ നിർമ്മിക്കാനാണ് നഗരസഭ ലക്ഷ്യമിടുന്നത്.
സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക വിശ്രമ സ്ഥലങ്ങൾ പുതുതായി നിർമ്മിക്കുന്ന കേന്ദ്രങ്ങളിലുണ്ടാകും. ഇതിന് പുറമേ ലഘുഭക്ഷണവും ലഭ്യമാക്കും. കുടുംബശ്രീ പ്രവർത്തകർക്കാകും കേന്ദ്രങ്ങളുടെ നടത്തിപ്പ് ചുമതല. പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കുന്നതിന് നിശ്ചിത തുക ഫീസ് നൽകേണ്ടി വരും. ഇങ്ങനെ കിട്ടുന്ന തുകയിൽ നിന്ന് കുടുംബശ്രീ പ്രവർത്തകർക്ക് ശമ്പളം നൽകും.
നഗരപരിധിയിൽ ദേശീയപാതയോരത്ത് നിലവിൽ പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ മാത്രമായി രണ്ട് കേന്ദ്രങ്ങൾ മാത്രമാണുള്ളത്. എന്നാൽ ഇവിടങ്ങളിൽ വിശ്രമിക്കാനുള്ള ഇടമില്ല.
പ്രവർത്തനം 24 മണിക്കൂറും
പുതിയ വിശ്രമ കേന്ദ്രങ്ങൾ 24 മണിക്കൂറും പ്രവർത്തിപ്പിക്കാനാണ് നഗരസഭയുടെ ആലോചന. പ്രധാന ജംഗ്ഷനുകളോട് ചേർന്ന് ആരംഭിക്കുന്നത് കൊണ്ട് വിവിധ ആവശ്യങ്ങൾക്കെത്തുന്നവർക്കും വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ഉപയോഗിക്കാം.
സ്ഥല പരിശോധന ഉടൻ
ലഭ്യമാകുന്ന സ്ഥലത്തിന്റെ അളവ് അനുസരിച്ചാകും ഓരോ കേന്ദ്രത്തിന്റെയും വിസ്തൃതി. നഗരസഭയുടെ നേതൃത്വത്തിൽ ഉടൻ തന്നെ ഇതിനായി സ്ഥല പരിശോധന ആരംഭിക്കും. ഇതിന് ശേഷം ഡി.പി.ആർ തയ്യാറാക്കും. ഓരോ കേന്ദ്രത്തിനും മൂന്ന് മുതൽ നാല് ലക്ഷം രൂപ വരെയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. നഗരസഭയുടെ പ്ലാൻ ഫണ്ടിൽ നിന്നാകും ഇതിനുള്ള തുക വകയിരുത്തുക.
ഓരോ കേന്ദ്രത്തിനും ചെലവ്: 3 - 4 ലക്ഷം രൂപ
തുക നഗരസഭയുടെ പ്ളാൻ ഫണ്ടിൽ നിന്ന്
'' വഴിയോര വിശ്രമകേന്ദ്രങ്ങൾ എത്രയും വേഗം ആരംഭിക്കണമെന്ന് സംസ്ഥാന സർക്കാരിന്റെ കർശന നിർദ്ദേശമുണ്ട്. ഉടൻ തന്നെ സ്ഥലങ്ങൾ കണ്ടെത്തി ഡി.പി.ആർ തയ്യാറാക്കും.''
എം.എ. സത്താർ (നഗരസഭ വികസന സ്ഥിരം സമിതി അദ്ധ്യക്ഷൻ)