train
പെരുമണിൽ റെയിൽവേ ട്രാക്കിന് സമീപത്ത് തീപടർന്നത് അഗ്നിരക്ഷാ സേനാ ഉദ്യോഗസ്ഥർ കെടുത്തുന്നു

അഞ്ചാലുംമൂട്: പെരുമണിൽ റെയിൽവേ ട്രാക്കിന് സമീപത്തെ ഉണങ്ങിയ പുല്ലിന് തീപിടിച്ചത് പ്രദേശവാസികളിൽ പരിഭ്രാന്തി പടർത്തി. ഇന്നലെ രാവിലെ 9.30ഓടെ പെരുമൺ രണ്ടാം റെയിൽവേ ഗേറ്റിന് പടിഞ്ഞാറ് ഭാഗത്തെ പുല്ലുകൾക്കാണ് തീപിടിച്ചത്.

വിവരമറിഞ്ഞ് ചാമക്കടയിൽ നിന്ന് അഗ്നിരക്ഷാസേന എത്തിയെങ്കിലും ഇടുങ്ങിയ റോഡിലൂടെ വാഹനം കടന്നുപോകാൻ കഴിഞ്ഞില്ല. തുടർന്ന് ഉദ്യോഗസ്ഥർ മൺവെട്ടി, ബിൽഹുക്ക് എന്നീ ഉപകരണങ്ങളുടെ സഹായത്തോടെ തീപടരുന്നത് തടഞ്ഞു. ഒടുവിൽ ബക്കറ്റിൽ വെള്ളം കൊണ്ടുവന്നും പച്ചില തൂപ്പുകൾ ഉപയോഗിച്ചുമാണ് തീ കെടുത്തിയത്.

ചാമക്കട അഗ്നിരക്ഷാ സേനാ നിലയത്തിലെ ഗ്രേഡ് എ.എസ്.ഒ വിക്ടർ വി. ദേവ്, ഓഫീസർമാരായ സുബാഷ്, സാനിഷ്, സുനിത് കുമാർ, നാസീമുദ്ദീൻ തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.