കൊട്ടാരക്കര: വെളിയം ഗ്രാമപഞ്ചായത്തിലെ കുടിവെള്ള പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമാകുന്ന ജപ്പാൻ കുടിവെള്ള പദ്ധതിക്ക് വീണ്ടും ജീവൻവയ്ക്കുന്നു. ഇതിന്റെ ഭാഗമായി ജലവിതരണ പൈപ്പുകൾ മാർച്ച് ആദ്യവാരത്തിൽ സ്ഥാപിക്കും.
പഞ്ചായത്തിലെ 5 കിലോ മീറ്റർദൂരത്തിൽ പൊതുമരാമത്ത് റോഡിലും 12 കിലോ മീറ്റർ ദൂരത്തിൽ പഞ്ചായത്ത് റോഡിലുമാണ് പൈപ്പിടുന്നത്. പൊതുമരാമത്ത് റോഡിൽ പൈപ്പ് ഇടുന്നതിന് ഉപാധികളോടെ അനുമതി നൽകിയിട്ടുണ്ട്. പൈപ്പ് ഇട്ട് തീർന്നാലുടൻ കുടിവെള്ളം ലഭ്യമാക്കുന്ന വിധത്തിൽ ക്രമീകരണങ്ങൾക്ക് വേഗത വരുത്താനാണ് തീരുമാനം.
പദ്ധതി നടപ്പാകുന്നതോടെ പഞ്ചായത്തിൽ ഏറെ നാളായി തുടരുന്ന കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകും. വേനലിന്റെ ആരംഭത്തിൽത്തന്നെ മിക്ക പ്രദേശങ്ങളിലും കുടിവെള്ളത്തിനായി നെട്ടോട്ടം തുടങ്ങിയിട്ടുണ്ട്. കിണറുകളും ചെറുതോടുകളുമൊക്കെ വറ്റിവരണ്ടു. ചെറുകിട കുടിവെള്ള പദ്ധതികളും കുഴൽ കിണറുകളുമൊന്നും വേണ്ടത്ര ഗുണം ചെയ്യുന്നില്ല. ചെപ്രയിൽ നിർമ്മാണം പൂർത്തിയാക്കിയ പ്ളാന്റിൽ നിന്ന് സമീപ പഞ്ചായത്തുകളിലേക്ക് ജലവിതരണം നടക്കുന്നുണ്ട്. എന്നാൽ പൈപ്പിടലുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നിലനിന്നതിനാൽ വെളിയത്തുകാർക്ക് മാത്രം വെള്ളം ലഭിച്ചില്ല. പൈപ്പിടൽ ഉടൻ തുടങ്ങുമെന്ന് അധികൃതർ അറിയിച്ചതോടെ ഇനി കുടിവെള്ളമെത്താൻ കാത്തിരിപ്പാണ് നാട്ടുകാർ.
വെട്ടിപ്പൊളിക്കുന്ന റോഡുകളുടെ ഉത്തരവാദിത്തം കരാറുകാരന്
പൈപ്പ് ഇടുന്നതിന് വേണ്ടി റോഡ് വെട്ടിപ്പൊളിക്കേണ്ടിവരും. കുഴിയെടുത്താൽ ഉടൻതന്നെ പൈപ്പ് സ്ഥാപിച്ച് മണ്ണിട്ട് മൂടും. ടാറിംഗ് നടത്തേണ്ടിടത്തും കോൺക്രീറ്റ് നടത്തേണ്ടിടത്തും കാലതാമസമില്ലാതെ ഇത്തരം ജോലികൾ പൂർത്തിയാക്കും. കരാറുകാരന്റെ ചുമതലയിലാണ് റോഡുകൾ പഴയ നിലയിലേക്ക് എത്തിക്കുക. പ്രവൃത്തികൾ വാട്ടർ അതോറിറ്റിയുടെയും പൊതുമരാമത്ത് വകുപ്പിന്റെയും ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലാണ് നടത്തുക.
എം.എൽ.എ യോഗം വിളിച്ചുചേർത്തു
വെളിയത്തെ പൈപ്പ് ഇടലുമായി ബന്ധപ്പെട്ട് പി. ഐഷാപോറ്റി എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്തു. പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സി. എൻജിനിയർ വി.ഐ. നസീർ, വാട്ടർ അതോറിറ്റി പ്രോജക്ട് വിഭാഗം എക്സി. എൻജിനിയർ സി. സജീവ്, അസി.എക്സി. എൻജിനിയർമാരായ മധുസൂദനൻ, പി. സലിൻ, അസി. എൻജിനിയർമാരായ ബിജു, ശ്രീരാജ്, ഭാമ എന്നിവരും വെളിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈല സലിംലാലും കരാർ ഏറ്റെടുത്ത കമ്പനിയുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. സംയുക്ത യോഗത്തിലാണ് മാർച്ച് ആദ്യവാരത്തിൽ പൈപ്പ് ഇടൽ തുടങ്ങാൻ തീരുമാനമായത്.