കൊല്ലം: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ കർഷക സംഘം പ്രവർത്തകർ അതിജീവനത്തിന്റെ പുതു മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് കന്റോൺമെന്റ് മൈതാനിയിലെ പൊതുസമ്മേളന നഗരിയിലെത്തിയത്. കേന്ദ്രീകൃത ശക്തി പ്രകടനം ഒഴിവാക്കി ചെറുപ്രകടനങ്ങളായി പ്രവർത്തകർ സമ്മേളന വേദിയിലെത്തിയതോടെ നഗരത്തിലെ ഗതാഗത കുരുക്ക് ഒഴിവായി. നാല് മണിയോടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘടിച്ച പ്രവർത്തകർ മുദ്രാവാക്യങ്ങൾ മുഴക്കി നഗര വഴികളിലൂടെ നീങ്ങി. ചിന്നക്കടയിൽ നിന്നാരംഭിച്ച പ്രകടനത്തിൽ ദേശീയ പ്രസിഡന്റ് അശോക് ധാവ്‌ളെ, സംസ്ഥാന സെക്രട്ടറി കെ.എൻ.ബാലഗോപാൽ, പ്രസിഡന്റ് കെ.കെ.രാഗേഷ് എം.പി, ട്രഷറർ ഗോപി കോട്ടമുറിക്കൽ, ദേശീയ നേതാക്കളായ വിജു കൃഷ്‌ണൻ,
പി.കൃഷ്‌ണപ്രസാദ് തുടങ്ങിയവർ അണിനിരന്നു.
സംസ്ഥാന നേതൃത്വത്തിൽ അടിമുടി ഉണ്ടായ മാറ്റം പൊതുസമ്മേളനത്തിനെത്തിയ പ്രവർത്തകരിലും പ്രകടമായിരുന്നു. വാദ്യമേളങ്ങളും കലാരൂപങ്ങളും ആഘോഷ അന്തരീക്ഷം തീർത്ത ചെറുപ്രകടനങ്ങൾ കന്റോൺമെന്റ് മൈതാനിയിലെത്തി അധികം വൈകാതെ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കളെത്തി. മുഖ്യമന്ത്രി എത്തിയതോടെ പ്രവർത്തകർ കൂടുതൽ ആവേശ ഭരിതരായി.