കരുനാഗപ്പള്ളി: കായലിൽ നിന്നുള്ള ഉപ്പുവെള്ളത്തിന്റെ കടന്നുകയറ്റം തടയുന്നതിനായി വാഴക്കൂട്ടത്തിൽക്കടവിൽ ഇറിഗേഷൻ വിഭാഗം നിർമ്മിച്ച തടയണയുടെ അപാകത പരിഹരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. രണ്ട് വർഷത്തിന് മുമ്പ് 5.80 ലക്ഷം രൂപ ചെലവഴിച്ചാണ് തടയണ നിർമ്മിച്ചത്.
ടി.എസ് കനാലിൽ നിന്ന് 50 മീറ്റർ കിഴക്ക് മാറിയാണ് തടയണയുടെ സ്ഥാനം. കനാലിൽ നിന്ന് കാക്കത്തുരുത്തിലുള്ള ഇടകനാലിലൂടെയാണ് ഉപ്പുവെള്ളം ഉൾ പ്രദേശങ്ങളിലേക്ക് കടക്കുന്നത്. ഇത് തടഞ്ഞ് ഇടവിളക്കൃഷി സംരക്ഷിക്കുന്നതിനാണ് തടയണ നിർമ്മിച്ചത്.
തോടിന്റെ ഇരുവശങ്ങളും കോൺക്രീറ്റ് ചെയ്ത ശേഷം നാട്ടുകാർക്ക് നടന്ന് പോകുന്നതിനായി തടയണയുടെ മീതേ കോൺക്രീറ്റ് സ്ലാബുകൾ നിരത്തിയിരിക്കുകയാണ്. വശങ്ങളിലുള്ള കോൺക്രീറ്റിന്റെ ഉൾഭാഗത്ത് നിർമ്മിച്ചിരിക്കുന്ന പൊഴികളിൽ പലക നിറുത്തിയാണ് ഉപ്പുവെള്ളത്തെ തടയാൻ ശ്രമിക്കുന്നത്. എന്നാൽ ഇവിടെയാണ് അപാകതയുള്ളത്. തോടിന്റെ വശങ്ങളിൽ 50 സെന്റീമാറ്റർ അകലത്തിൽ രണ്ട് പൊഴികൾ നിർമ്മിക്കണമായിരുന്നു. ഉപ്പ് വെള്ളത്തിന്റെ സീസണിൽ നാട്ടുകാർ രണ്ട് പൊഴികളിലും പലക നിർത്തിയ ശേഷം മദ്ധ്യഭാഗത്ത് മണ്ണിട്ട് നികത്തും. ഇതോടെ വെള്ളത്തെ തടയാൻ കഴിയും.നിലവിൽ ഒരു പൊഴി മാത്രമുള്ളതിനാൽ തോടിന് കുറുകെ പലക നിരത്തി മണ്ണിട്ട് നികത്താനാകില്ല. ഇതാണ് തിരിച്ചടിയാകുന്നത്.
ലക്ഷങ്ങൾ പാഴായി
ഇടവിള കൃഷി സംരക്ഷിക്കുന്നതിനായി ലക്ഷങ്ങൾ ചെലവഴിച്ചെങ്കിലും ഇതിന്റെ ഗുണം നാളിതുവരെ നാട്ടുകാർക്ക് ലഭിച്ചിട്ടില്ല. നിലവിൽ തുറന്നുകിടക്കുന്ന തടയണയിലൂടെ ഉപ്പുവെള്ളം കയറി ഇടവിക്കൃഷി വ്യാപകമായി നശിക്കുകയാണ്. വേലിയേറ്റ സമയങ്ങളിൽ തോട്ടിൽ നിന്നും ഉപ്പുവെള്ളം വീടുകളിലേക്ക് കയറുന്നത് താമസക്കാർക്കും വിനയാകുന്നു. മഴ സീസണിൽ മരങ്ങാട്ടുമുക്ക്, മഠത്തിൽമുക്ക്, വാഴക്കൂട്ടത്തിൽ കടവ് തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് മഴവെള്ളം ഒഴുകി ടി.എസ് കനാലിൽ പതിക്കുന്നതും ഈ തോട്ടിലൂടെയാണ്.
നിലവിലുള്ള തടയണ കൊണ്ട് നാട്ടുകാർക്ക് യാതൊരു പ്രയോജനവും ഇല്ല. വേലിയേറ്റ സമയങ്ങളിൽ ഉപ്പുവെള്ളം കരയിലേക്ക് ഇരച്ചുകയറുകയാണ്. നിരവധി വീടുകളിൽ വെള്ളം കയറുന്നു. ഇടവിളക്കൃഷിയും വ്യാപകമായി നശിക്കുകയാണ്. 15000 രൂപചെലവഴിച്ചാൽ പ്രശ്നത്തിന് പരിഹാരമാകും. തോടിന്റെ വശങ്ങളിലുള്ള കോൺക്രീറ്റിൽ ഒരു പൊഴികൂടി നിർമ്മിച്ചാൽ പലക നിരത്തി മണ്ണിട്ട് നികത്താൻ കഴിയും. ഇതോടെ ഉപ്പുവെള്ളത്തിന്റെ കടന്നുകയറ്റം തടയാം
ബി.ഡി.ജെ.എസ് കുലശേഖരപുരം പഞ്ചായത്ത് കമ്മിറ്റി