kavya-
കാവ്യ

കൊല്ലം:ഞാങ്കടവ് കുടിവെള്ള പദ്ധതിയുടെ ട്രീറ്റ്മെന്റ് പ്ലാന്റ് നിർമ്മിക്കുന്ന വസൂരിചിറയിലെ കുളത്തിൽ പത്തു വയസുകാരി

കാൽവഴുതി വീണ് മരിച്ചത് സുരക്ഷാ വീഴ്‌ച കൊണ്ടാണെന്ന് നാട്ടുകാർ. പുന്തലത്താഴം പഞ്ചായത്തുവിള വീട്ടിൽ കണ്ണന്റെ മകൾ കാവ്യയാണ് (10) ശനിയാഴ്‌ച രാവിലെ പത്തിന് കുളത്തിൽ കാൽവഴുതി വീണ് മരിച്ചത്.

വസൂരി ചിറയ്‌ക്ക് സമീപം വാടകയ്‌ക്ക് താമസിക്കുകയായിരുന്നു കാവ്യയും കുടുംബവും. അനുജത്തി കാവേരിക്കൊപ്പം കുളത്തിന് സമീപത്ത് കൂടി നടന്ന് പോകുമ്പോൾ കാൽവഴുതി കുളത്തിലേക്ക് വീഴുകയായിരുന്നു. കാവേരി നിലവിളിച്ചു കൊണ്ട് വീട്ടിലെത്തി അമ്മൂമ്മയോട് വിവരം പറഞ്ഞു. പ്രായമായ അമ്മൂമ്മ ഓടിയെത്തി നിർമ്മാണ തൊഴിലാളികളുടെ സഹായത്തോടെയാണ് കാവ്യയെ ചെളി നിറഞ്ഞ കുളത്തിൽ നിന്ന് പുറത്തെടുത്തത്. സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഉടൻ തന്നെ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം കൊല്ലം ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം പോളയത്തോട് ശ്‌മശാനത്തിൽ സംസ്‌കരിച്ചു. ബിന്ദു ആണ് കാവ്യയുടെ അമ്മ.കാവ്യയുടെ കുടുംബത്തിന് സ്വന്തമായി വീടും വസ്‌തുവും ഇല്ല.

നിർമ്മാണ ആവശ്യങ്ങൾക്ക് വെള്ളം എടുക്കാൻ വേണ്ടി പഴയ കിണർ വികസിപ്പിച്ചാണ് കുളമുണ്ടാക്കിയതെന്ന് നാട്ടുകാർ പറയുന്നു. ക്രമരഹിതമായി നിർമ്മിച്ച കുളത്തിന് ചുറ്റും സുരക്ഷാ വേലി നിർമ്മിക്കാൻ കരാറുകാരും അതിന് നിർദേശം നൽകാൻ നഗരസഭയും തയ്യാറായില്ല. സംഭവത്തിൽ ഇരവിപുരം പൊലീസ് കേസെടുത്തു. സുരക്ഷയില്ലാതെ കുളം നിർമ്മിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കാനാണ് നാട്ടുകാരുടെ തീരുമാനം.

...............

അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ കുളത്തിന് ചുറ്റും സുരക്ഷാ വേലി കെട്ടാൻ നിർദേശം നൽകി. നിർമ്മാണം അവസാനിക്കുമ്പോൾ കുളം നികത്താനും ആവശ്യപ്പെടും.

സുജിത് ജി.നായർ

ഇരവിപുരം എസ്.ഐ