കൊല്ലം: കുളത്തൂപ്പുഴയിൽ പാക് നിർമ്മിത വെടിയുണ്ടകൾ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം മതതീവ്രവാദ, മാവോയിസ്റ്റ് സംഘടനകളിലേക്ക്. കുളത്തൂപ്പുഴയിലും പരിസര പ്രദേശങ്ങളിലും ഉള്ളവർക്ക് പുറമേ തമിഴ്നാട്ടിലെയും തീവ്രവാദ സംഘടനാ പ്രവർത്തകരെ കേന്ദ്രീകരിച്ചാണ് അന്വേഷണം.
പല തീവ്രവാദ സംഘടനകളുടെ പക്കലും പാക് നിർമ്മിത വെടിയുണ്ടകളുണ്ടെന്ന് എൻ.ഐ.എയ്ക്ക് അടക്കം നേരത്തെ രഹസ്യ വിവരം ലഭിച്ചിട്ടുണ്ട്. വർഷങ്ങൾക്ക് മുൻപ് കുളത്തൂപ്പുഴയ്ക്ക് സമീപമുള്ള വനപ്രദേശങ്ങളിൽ തീവ്രവാദ സംഘടനകൾ തമ്പടിച്ചിട്ടുണ്ട്. ഇതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് തീവ്രവാദസംഘടനകളെ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കുന്നത്.
വെടിയുണ്ട പൊതിഞ്ഞിരുന്നത് ജനുവരി 28ലെ രണ്ട് പത്രങ്ങളിലാണ്. 28നുശേഷം അതുവഴി കടന്നുപോയ വാഹനങ്ങളുടെ വിവരങ്ങൾ സി.സി ടി വികളിൽ നിന്നും ശേഖരിച്ച് പരിശോധിച്ച് വരികയാണ്. വെടിയുണ്ടകൾ കണ്ടെത്തിയ സ്ഥലത്തിന്റെ തൊട്ടടുത്ത് സി.സി ടി.വി കാമറകളില്ല. ഇരുദിശകളിലും അര കിലോമീറ്റർ അകലെയുള്ള സ്ഥലങ്ങളിൽ നിന്നുമാത്രമാണ് ദൃശ്യങ്ങൾ ലഭിച്ചിട്ടുള്ളത്. ദൃശ്യങ്ങളിൽ സംശയാസ്പദമായി തോന്നുന്ന വാഹനങ്ങളുടെ ഉടമകളെ ഇന്നു മുതൽ വിളിച്ചുവരുത്തി ചോദ്യം ചെയ്യും.
എ.ടി.എസ് മേധാവി അനൂപ് കുരുവിള അന്വേഷണത്തിന് നേതൃത്വം നൽകുന്നുണ്ടെങ്കിലും കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥൻ ഇപ്പോഴും പുനലൂർ ഡിവൈ.എസ്.പിയാണ്. എ.ടി.എസിന് കൈമാറുമെന്നും ഡി.ജി.പി ഞായറാഴ്ച പറഞ്ഞിരുന്നെങ്കിലും ഉത്തരവ് ഇറങ്ങിയിട്ടില്ല.
കിളിമാനൂർ, പത്തനാപുരം പത്രം
തമിഴ്‌നാട്ടിലെ ഇലക്ട്രിസിറ്റി ബിൽ
.......................................................
കുളത്തൂപ്പുഴയിൽ കണ്ടെത്തിയ വെടിയുണ്ടകൾ പൊതിഞ്ഞിരുന്നത് രണ്ട് മലയാളം പത്രങ്ങളുടെ താളുകളിലാണ്. ഇതിലൊരു പത്രത്തിന്റെ താൾ കിളിമാനൂർ എഡിഷൻ ലോക്കൽ പേജാണ്. രണ്ടാമത്തെ പത്രത്തിന്റെ താൾ ജനറൽ എഡിഷൻ ആണെങ്കിലും പത്തനാപുരം മേഖലയിലേതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.
തമിഴ്നാട് തിരുനെൽവേലിയിലെ കോഴി ഫാമിന്റെ വൈദ്യുതി ബില്ലും കോഴികൾക്ക് ഹോർമോൺ കുത്തിവയ്ക്കക്കാൻ ഉപയോഗിച്ച സിറിഞ്ചുകളും വെടിയുണ്ട ഉപേക്ഷിക്കപ്പെട്ട സ്ഥലത്തിന് തൊട്ടടുത്ത് നിന്നും കണ്ടെത്തിയിരുന്നു. ഈ സിറിഞ്ചുകൾ കുളത്തൂപ്പുഴയ്ക്ക് സമീപമുള്ള കോഴി ഫാമിൽ നിന്നും ഉപേക്ഷിച്ചതാണെന്ന് സ്ഥിരീകരിച്ചു.
എ.ടി.എസ് ഉദ്യോഗസ്ഥരും കൊല്ലം റൂറൽ പൊലീസും കോഴി ഫാം ഉടമയെയും തൊഴിലാളികളെയും ചോദ്യം ചെയ്തെങ്കിലും വെടിയുണ്ടകളുമായി ബന്ധമില്ലെന്നാണ് പ്രാഥമിക നിഗമനം. വൈദ്യുതി ബിൽ തമിഴ്നാട്ടിലെ തന്റെ ഫാമിലേതാണെന്ന് ഉടമ വ്യക്തമാക്കി. ഈ ബിൽ വിശദ അന്വേഷണത്തിനായി തമിഴ്നാട് പൊലീസിന് കൈമാറിയിട്ടുണ്ട്.
സാദ്ധ്യതകൾക്ക് പിന്നാലെ നാല് സംഘങ്ങൾ
വെടിയുണ്ട റോഡ് വക്കിലെത്തിയതുമായി ബന്ധപ്പെട്ട
സാദ്ധ്യതകൾ കേന്ദ്രീകരിച്ച് അന്വേഷിക്കാൻ റൂറൽ പൊലീസിലെ എസ്.ഐമാരെയും സി.ഐമാരെയും ഉൾപ്പെടുത്തി ഇന്നലെ നാല് സംഘങ്ങൾ രൂപീകരിച്ചു.
വെടിയുണ്ടകൾ കോടതിയിൽ
ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങി
കുളത്തൂപ്പുഴ സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന വെടിയുണ്ടകൾ ഇന്നലെ പുനലൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങി. എ.ടി.എസ് സംഘം ഒരുവട്ടം കൂടി വെടിയുണ്ടകൾ പരിശോധിച്ച ശേഷം ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കും.
'' കേസ് ഇപ്പോൾ അന്വേഷിക്കുന്നത് പുനലൂർ ഡിവൈ.എസ്.പിയാണ്. എസ്.പി എന്ന നിലയിൽ മേൽനോട്ടം വഹിക്കുന്നു. എ.ടി.എസിന് കൈമാറി കൊണ്ടുള്ള ഉത്തരവ് ഇറങ്ങിയിട്ടില്ല. വെടിയുണ്ടയ്ക്ക് പിന്നിലുള്ളവരെക്കുറിച്ച് ചെറിയ ചില തുമ്പുകൾ ലഭിച്ചിട്ടുണ്ട്. ഒരാഴ്ചയ്ക്കുള്ളിൽ വ്യക്തതയുണ്ടാകും.''
എസ്. ഹരിശങ്കർ റൂറൽ എസ്.പി, കൊല്ലം