കൊല്ലം: ലോകമറിയുന്ന ഫുട്ബാൾ കളിക്കാരിയാകണം. ഒപ്പം പഠിച്ച് കളക്ടറുമാകണം. പതിനേഴുകാരിയായ ശില്പയുടെ കുട്ടിക്കാലം മുതലുള്ള സ്വപ്നം അതായിരുന്നു. പക്ഷെ, വിധി അവളെ വല്ലാതെ വേട്ടയാടുകയാണ്. ഒരുതവണ കാൻസറിനെ അതിജീവിച്ചെങ്കിലും വീണ്ടും കിടപ്പിലായി.
രണ്ടു വർഷം മുമ്പ് പത്താം ക്ലാസിൽ പഠിക്കവേ സ്കൂളിൽ ഫുട്ബാൾ പരിശീലനത്തിനിടെയാണ് ഓടനാവട്ടം മുട്ടറ മവേലിക്കോണത്ത് വീട്ടിൽ ജയകുമാറിന്റെ മകൾ ശില്പ തളർന്നുവീണത്. ബ്ളഡ് കാൻസറാണെന്ന് അറിഞ്ഞതോടെ ആർ.സി.സിയിലേക്ക് പാഞ്ഞു. പിന്നെ പഠനമെല്ലാം ആശുപത്രി കിടക്കയിലായിരുന്നു. രണ്ട് മാസം മാത്രം സ്കൂളിൽ പോയ അവൾ എസ്.എസ്.എൽ.സി പരീക്ഷയിൽ ആറ് വിഷയങ്ങൾക്ക് എ പ്ലസ് നേടി.
തൊട്ടടുത്തുള്ള മുട്ടറ ഗവ.വി.എച്ച്.എസ്.എസിൽ പ്ലസ് ടുവിന് പഠിക്കുകയായിരുന്നു. എട്ട് മാസം മുൻപ് ബ്ലഡ് കാൻസർ രൗദ്രഭാവത്തിൽ ശില്പയെ വീണ്ടും കീഴക്കി. മജ്ജ മാറ്റിവയ്ക്കാതെ നിവൃത്തിയില്ല. വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ മാത്രമേ അതിനുള്ള സൗകര്യമുള്ളു.
അവിടെ മജ്ജ മാറ്റി വയ്ക്കാൻ മാത്രം 50 ലക്ഷം രൂപ വേണം. കീമോയ്ക്ക് 30 ലക്ഷം രൂപ വേറെ വണം. ലക്ഷങ്ങൾ വിലയുള്ള മരുന്നുകൾ ഇനിയും കഴിക്കണം
പശുവിനെ വളർത്തിയാണ് ജയകുമാർ കുടുംബം പുലർത്തിയിരുന്നത്. പശുക്കളെയെല്ലാം വിറ്റു. ചികിത്സയ്ക്കായി സമ്പാദ്യമെല്ലാം വിറ്റുതീർന്നു. സഹപാഠികളും അദ്ധ്യാപകരും ബന്ധുക്കളും നാട്ടുകാരും ഏറെ സഹായിച്ചു. ഇനി കിടപ്പാടം മാത്രമേയുള്ളു.
സുമനസുകളുടെ കനിവുണ്ടെങ്കിലേ ശില്പയ്ക്ക് ജീവിതത്തിലേക്ക് മടങ്ങിവരാനാവൂ. ജയകുമാറിന്റെ പേരിൽ കൊട്ടാരക്കര എസ്.ബി.ഐ ശാഖയിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. നമ്പർ: 20184912337. ഐ.എഫ്.സി കോഡ്: എസ്.ബി.ഐ.എൻ 0005047.ഫോൺ: 8547409984.