കൊല്ലം :മത്സ്യസമ്പത്തിന്റെ നശീകരണത്തിന് കാരണമാകുന്ന അനധികൃത മത്സ്യബന്ധന രീതികൾക്കെതിരെ നടപടികൾ കർശനമാക്കി ഫിഷറീസ് വകുപ്പ്. തീവ്രതയേറിയ ലൈറ്റുകൾ ഉപയോഗിച്ച് കടലിൽ മത്സ്യബന്ധനം നടത്തിയ മൂന്ന് പൊങ്ങ് വള്ളങ്ങൾ, എട്ട് ബാറ്ററി, 20ൽ പരം എൽ ഇ ഡി ലൈറ്റുകൾ, മറ്റ് അനുബന്ധ ഉപകരണങ്ങൾ എന്നിവ പിടിച്ചെടുത്തു. നിരോധിത മത്സ്യബന്ധനം നടത്തിയവരിൽ നിന്നും 45000 രൂപ പിഴ ഈടാക്കുകയും ചെയ്തു.
അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവരാണ് ഇത്തരം പ്രവർത്തികളിൽ പ്രധാനമായും ഏർപ്പെട്ടുവരുന്നത്. തീവ്രതയേറിയ ലൈറ്റ് ഉപയോഗിച്ചുള്ള മത്സ്യബന്ധനം മത്സ്യസമ്പത്തിന്റെ നാശത്തിന് കാരണമാകും.
ജില്ലയിൽ പരവൂർ പൊഴി മുതൽ അഴീക്കൽവരെയുള്ള സമുദ്ര ഭാഗത്ത് മറൈൻ എൻഫോഴ്‌സ്‌മെന്റ് ദിവസവും രാത്രി പട്രോളിംഗ് നടത്തുന്നുണ്ട്. അനധികൃത മത്സ്യബന്ധനത്തിനെതിരെ മറൈൻ എൻഫോഴ്‌സ്‌മെന്റ് ചീഫ് ഗാർഡ്, നീണ്ടകര ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ, മറൈൻ ഇൻസ്‌പെക്ടർ ഓഫ് ഗാർഡ് എന്നിവരാണ് പട്രോളിംഗ് ഏകോപിപ്പിക്കുന്നത്. അനധികൃത രീതിയിലുള്ള മത്സ്യബന്ധനത്തിൽ നിന്നും തൊഴിലാളികൾ പിൻമാറണമെന്നും കടലിൽ പരിശോധനകൾ ശക്തമായി തുടരുമെന്നും കൊല്ലം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പി ഗീതാകുമാരി അറിയിച്ചു.