കൊല്ലം: നഗരത്തിലെ പല ഹോട്ടലുകളിൽ രാവിലെ വിൽക്കുന്നത് തലേദിവസത്തെ ഭക്ഷണം ചൂടാക്കിയെന്ന് നഗരസഭാ ആരോഗ്യവിഭാഗത്തിന്റെ കണ്ടെത്തൽ. ആരോഗ്യവിഭാഗം ഇന്നലെ നടത്തിയ പരിശോധനയിൽ നഗരപരിധിയിലെ ഏഴ് ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു.
20 സ്ഥാപനങ്ങളിലാണ് ആകെ പരിശോധന നടത്തിയത്. ഇതിൽ കൊല്ലം റെയിൽവേ സ്റ്റേഷൻ പരിസരം, താലൂക്ക് കച്ചേരി, അഞ്ചാലുംമൂട്, കുരീപ്പുഴ, കാവനാട് എന്നിവിടങ്ങളിലെ ഹോട്ടലുകളിൽ നിന്നാണ് പഴകിയ ഭക്ഷണം കണ്ടെടുത്തത്. കാവനാട്ടെ രണ്ട് ഹോട്ടലുകളിൽ നിന്ന് വലിയ അളവിൽ ഒരു ദിവസം പഴക്കമുള്ള പൊറോട്ട, ചപ്പാത്തി, ചോറ്, മീൻകറി എന്നിവയും കണ്ടെടുത്തു.
പൊറോട്ടയ്ക്കും ചപ്പാത്തിക്കും പുറമേ 12 മണിക്കൂറിലേറെ പഴക്കമുള്ള ന്യൂഡിൽസ്, ബീഫ് ഫ്രൈ, ചിക്കൻ ഫ്രൈ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. ഇവയെല്ലാം രാവിലെയെത്തുന്ന ഉപഭോക്താക്കൾക്ക് നൽകാൻ ചൂടാക്കി വച്ചിരിക്കുകയായിരുന്നു. പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്ത ഹോട്ടലുകൾക്ക് നോട്ടീസ് നൽകിയതിന് പുറമേ 5000 രൂപ വീതം പിഴ ചുമത്തി.
നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർമാരായ ജി. സാബു, പ്രശാന്ത്, ഗ്രേഡ് ഹെൽത്ത് ഇൻസ്പെക്ടർ ബിച്ചു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
കുടൽ കലക്കും ചപ്പാത്തി
15 ദിവസത്തോളം പഴക്കം
ഇന്നലെ നടന്ന പരിശോധനയിൽ ഒട്ടുമിക്ക ഹോട്ടലുകളിൽ നിന്നും ആഴ്ചകളോളം പഴക്കമുള്ള ഹാഫ് കുക്ക്ഡ് ചപ്പാത്തികൾ കണ്ടെടുത്തു. നിർമ്മിച്ച് നാല് ദിവസത്തേക്ക് മാത്രമേ ഉപയോഗിക്കാവൂയെന്ന് ചപ്പാത്തിയുടെ കവറുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷേ 15 ദിവസത്തോളം പഴക്കമുള്ള ചപ്പാത്തികൾ വലിയ അളവിൽ പല ഹോട്ടലുകളിൽ നിന്നും പിടിച്ചെടുത്തു. ഫ്രീസറുകളിൽ സൂക്ഷിച്ചാലും ദിവസങ്ങൾ പിന്നിടുന്നതനുസരിച്ച് ഫംഗസ് പടർന്ന് അൾസർ അടക്കമുള്ള രോഗങ്ങൾക്ക് ഇവ ഇടയാക്കും.
''കാലാവധി കഴിഞ്ഞ ചപ്പാത്തികൾ ഹോട്ടലുകളിൽ വ്യാപകമായി ഉപയോഗിക്കുകയാണ്. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കും. അൾസർ മുതൽ ഗുരുതരമായ പല രോഗങ്ങൾക്കും ഇടയാക്കും.''
ജി. സാബു (നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ)