ഭൂഗർഭ ജലനിരപ്പ് 1.15 മീറ്റർ വരെ താഴ്ന്നു
കൊല്ലം:കത്തുന്ന വേനലിൽ ജലാശയങ്ങൾ കൂട്ടത്തോടെ വറ്റിവരണ്ട് തുടങ്ങിയതോടെ ജില്ലയുടെ പലഭാഗങ്ങളിലും കുടിവെള്ളത്തിനായി ജനം നെട്ടോട്ടത്തിൽ. പാതാളത്തോളം താഴ്ചയുള്ള കിണറുകളിലും ഒരുതുള്ളിവെള്ളമില്ലാത്ത അവസ്ഥയാണ്. പൊതുടാപ്പുകൾക്ക് മുന്നിൽ കൂടങ്ങളുമായുള്ള കാത്തിനിൽപ് മീറ്ററുകളോളം നീണ്ടു.ജില്ലയുടെ പലഭാഗങ്ങളിലും ഭൂഗർഭ ജലനിരപ്പ് കഴിഞ്ഞ വർഷത്തെക്കാൾ 1.5 മീറ്ററോളം താഴ്ന്നുവെന്നാണ് ഭൂഗർഭ ജലവകുപ്പിന്റെ കണ്ടെത്തൽ.
ജില്ലയുടെ തീരദേശമേഖലയിലാണ് കുടിവെള്ള ക്ഷാമം അതിരൂക്ഷം. ഭൂരിഭാഗം തോടുകളും വറ്റി. ജലഅതോറിറ്റിയുടെ കുടിവെള്ള വിതരണ പദ്ധതികൾക്ക് പോലും ഭീഷണി ഉയർത്തി നദികളിലെയും കായലുകളിലെയും ജലനിരപ്പും താഴുകയാണ്. വരുംനാളുകളിൽ കുടിവെള്ള ക്ഷാമം അതിരൂക്ഷമാകുമെന്ന സൂചന നൽകി ഭൂഗർഭ ജല വകുപ്പിന്റെ ജില്ലയിലെ പത്ത് നിരീക്ഷണ കിണറുകളിലെ ജിലനിരപ്പ് കഴിഞ്ഞ വർഷത്തേതിനേക്കാൾ താഴ്ന്നു.
ജില്ലയിൽ 48 നിരീക്ഷണ കിണറുകളാണ് ഭൂഗർഭ ജലവകുപ്പിനുള്ളത്. ഇതിൽ 25 തുറന്ന കിണറുകളും 8 ട്യൂബ് വെല്ലുകളും 15 ബോർവെല്ലുകളുമാണ്. പത്ത് നിരീക്ഷണ കിണറുകളിൽ 1 മുതൽ 1.5 മീറ്രർ വരെയാണ് ജലനിരപ്പ് താഴ്ന്നത്. കുണ്ടറയിലെ നിരീക്ഷണ ട്യൂബ് വെല്ലിലാണ് ജലനിരപ്പ് ഏറ്റവുമധികം താഴ്ന്നത് (1.15 മീറ്രർ).
നിരീക്ഷണ കിണറുകളുടെ ഏകദേശം സമാനമായ അവസ്ഥയിൽ തന്നെയാകും തൊട്ടടുത്തുള്ള മറ്റ് കിണറുകളുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഈമാസം അവസാനത്തോടെ വീണ്ടും ജലനിരപ്പ് പരിശോധിക്കും. വേനൽ കനക്കുന്നത് ജലനിരപ്പ് കൂടുതൽ ഇടിയുമെന്ന സൂചനയാണ് നൽകുന്നത്.
ജില്ലയിലെ നിരീക്ഷണ കിണറുകൾ: 48
തുറന്ന കിണറുകൾ
തുറന്ന നിരീക്ഷണ കിണറുകളിൽ ജലവിതാനം ഏറ്റവുമധികം താഴ്ന്നത് കടയ്ക്കലിലും കുറച്ച് താഴ്ന്നത് ശാസ്താംകോട്ടയിലുമാണ്. ശാസ്താംകോട്ടയിൽ .43 മീറ്ററും കടയ്ക്കലിൽ .1 മീറ്ററുമാണ് കഴിഞ്ഞ വർഷത്തെക്കാൾ താഴ്ന്നത്.
ട്യൂബ് വെല്ലുകൾ
കൊല്ലം തീരദേശത്തെ നിരീക്ഷണ കിണറുകളിൽ .946 മീറ്ററും കുണ്ടറയിലേതിൽ 1.15 മീറ്ററും ജലവിതാനം താഴ്ന്നു. ട്യൂബ് വെല്ലുകളിലാണ് ഏറ്റവുമധികം ജലനിരപ്പ് താഴ്ന്നത്.
ബോർ വെൽ
ഇടമുളയ്ക്കലിലെ നിരീക്ഷണ കിണറിൽ .066 മീറ്ററും കടയ്ക്കലേതിൽ .183 മീറ്ററും താഴ്ന്നു.
മലയോര മേഖലയിലാണ് ബോർ വെല്ലുകളുള്ളത്.
ആശ്വാസമായി ക്രിത്രിമ ഭൂജല പോഷണം
ഭൂർഗർഭ ജലവകുപ്പിന്റെ നേതൃത്വത്തിൽ ക്രിത്രിമ ഭൂജലപോഷണം നടത്തിയ സ്ഥലങ്ങളിൽ ജലവിതാനത്തിൽ കാര്യമായ കുറവുണ്ടായിട്ടില്ല. പത്ത് വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഈ സ്ഥലങ്ങളിലെ ജലനിരപ്പ് ഉയർന്നുനിൽക്കുകയാണെന്ന് പരിശോധനാ ഫലങ്ങൾ വ്യക്തമാക്കുന്നു.