പുനലൂർ: അൺ എയ്ഡഡ് സ്‌കൂളുകളുടെ കടന്നുകയറ്റവും വിദ്യാർത്ഥികളുടെ കുറവും കാരണം അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ ഇടമണിലെ മുത്തശ്ശി സ്‌കൂളിന് ഒടുവിൽ പുനർജീവൻ. ഒരു നൂറ്റാണ്ടിന് മുമ്പ് രാജഭരണകാലത്ത് പ്രദേശവാസിയായ ഇടിക്കാളി നാരായണി ഒരു ചക്രം ഇനാമായി വാങ്ങി ഇഷ്ട ദാനം നൽകിയ ഇടമൺ ഗവ.എൽ.പി സ്കൂളാണ് വീണ്ടും പഴയ പ്രതാപത്തിലേക്ക് തിരിച്ചുവരുന്നത്. സ്കൂളിൽ നിർമ്മാണം പൂർത്തിയാക്കിയ ഹൈടെക് മന്ദിരം അടുത്തമാസം നാടിന് സമർപ്പിക്കും. വിദ്യാർത്ഥികളുടെ കുറവുകാരണം വളരെയധികം പ്രതിസന്ധികൾക്കിടയിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്.
ഇത് കണക്കിലെടുത്ത് അഞ്ച് വർഷം മുമ്പ് സ്‌കൂളിനോട് ചേർന്ന് പ്രീ പ്രൈമറി സ്കൂൾ ആരംഭിച്ചു. ഇതോടെ കുട്ടികളുടെ എണ്ണത്തിൽ നേരിയ വർദ്ധനവ് ഉണ്ടായി. നിലവിൽ പ്രീ പ്രൈമറിയിലടക്കം 82 വിദ്യാർത്ഥികളാണ് ഇവിടെയുള്ളത്.
അദ്ധ്യാപകരുടെ ഒഴിവ് നിലവിലുണ്ടെങ്കിലും അത് നികത്താതിനാൽ ദിവസ വേതനാടിസ്ഥാനത്തിലാണ് ഇവിടുത്തെ ജീവനക്കാർ ജോലി ചെയ്യുന്നത്.
ഇതോടൊപ്പമാണ് സ്കൂൾ കെട്ടിടത്തിന്റെ ശോച്യാവസ്ഥയും മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെ കുറവും തിരിച്ചടിയായത്. ആയിരക്കണക്കിനാളുകൾക്ക് ആദ്യക്ഷരം പകർന്നു നൽകിയ സ്കൂളിന്റെ ദയനീയാവസ്ഥ നേരിൽകണ്ട സ്ഥലം എം.എൽ.എയായ മന്ത്രി കെ. രാജു വിഷയത്തിൽ ഇടപെടുകയായിരുന്നു.
തുടർന്ന് പൊതുവിദ്യാഭ്യസ യജ്ഞത്തിന്റെ ഭാഗമായി ഹൈടെക് സ്‌കൂൾ കെട്ടിടം നിർമ്മിക്കാൻ ആറ് മാസം മുമ്പ് 1കോടി രൂപ അനുവദിച്ചു. ഇത്തരത്തിൽ നിർമ്മാണം പൂർത്തിയാക്കിയ രണ്ട് നിലകളുള്ള സ്മാർട്ട് ക്ളാസ് മുറികളടങ്ങിയ കെട്ടിടമാണ് മാർച്ച് 3ന് മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് നാടിന് സമർപ്പിക്കുന്നത്. വൈകിട്ട് 3ന് നടക്കുന്ന യോഗത്തിൽ മന്ത്രി കെ. രാജു അദ്ധ്യക്ഷത വഹിക്കും.
സജ്ജമാകുന്നത് ഇവയൊക്കെ...
01. സ്മാർട്ട് ക്ളാസ് മുറികൾ
02.കമ്പ്യൂട്ടർ ലാബ്
03. ആധുനിക ലൈബ്രറി
04. കുട്ടികൾക്ക് കളിസ്ഥലം
05.പ്രവേശന കവാടം
ചെലവ്: 01 കോടി
അനുവദിച്ചത്: 06 മാസം മുമ്പ്
കെട്ടിടം: 02 നിലകളിൽ
പറയാനുള്ളത് ഒരുനൂറ്റാണ്ടിന്റെ ചരിത്രം
തിരുവിതാംകൂർ രാജഭരണകാലത്താണ് തെന്മല പഞ്ചായത്തിലെ ഇടമൺ കുന്നുംപുറത്ത് വീട്ടിൽ ഇടിക്കാളി നാരായണി ഒരു ചക്രം ഇനാമായി വാങ്ങി സ്കൂൾ ഇഷ്ടദാനമായി നൽകുന്നത്. തമിഴ്‌നാട് അതിർത്തിയോട് ചേർന്ന മലയോര ഗ്രാമത്തിലെ പിന്നാക്കവിഭാഗത്തിലുള്ളവർക്ക് വിദ്യാഭ്യാസം നൽകാൻ മറ്റ് മാർഗങ്ങൾ ഇല്ലാത്തതിനാലാണ് 1916ൽ ഇടിക്കാളി നാരായണിയുടെ സ്വന്തം ഭൂമിയിലെ ഓലമേഞ്ഞ ഷെഡിൽ സ്കൂളിന്റെ പ്രവർത്തനം ആരംഭിക്കുന്നത്. ഇവർ തന്നെയായിരുന്നു തുടക്ക കാലത്തെ അദ്ധ്യാപകർ വിവിധ പ്രദേശങ്ങളിൽ നിന്നെത്തിയ എട്ട് കുട്ടികളായിരുന്നു ആദ്യത്തെ പഠിതാക്കൾ.
കുട്ടികളുടെ എണ്ണം വർദ്ധിച്ചതോടെ മറ്റ് സ്ഥലങ്ങളിൽ നിന്ന് അദ്ധ്യാപകരെ വരുത്തി ക്ലാസുകൾ നടത്തുകയായിരുന്നു. പിന്നീടാണ്
സ്‌കൂളും ഒരു ഏക്കറോളം വരുന്ന അനുബന്ധ ഭൂമിയും അധികാരികൾക്ക് കൈമാറുന്നത്.
വിദ്യാലയം സൗജന്യമായി കൈമാറാൻ നിയമം ഇല്ലാത്തതിനാലാണ് ഒരു ചക്രം വാങ്ങിയ ശേഷം നാരായണി രാജാവിന് സകൂൾ കൈമാറിയത്. വർഷങ്ങൾക്ക് ശേഷം ഓല ഷെഡ് മാറ്റി ഓട് മേഞ്ഞ പുതിയ കെട്ടിടം നിർമ്മിക്കുകയും ഒന്ന് മുതൽ അഞ്ച് വരെ ക്ളാസുകൾ വിിവധ ഘട്ടങ്ങളിലായി ആരംഭിക്കുകയും ചെയ്തു. ഇതോടെ വിദ്യാർത്ഥികളുടെ എണ്ണം ഗണ്യമായി വർദ്ധിച്ചു. സമീപത്ത് മറ്റ് വിദ്യാലയങ്ങൾ ഇല്ലാത്തതിനാൽ ഒരു സമയത്ത് 300ലധികം വിദ്യാർത്ഥികൾ ഇവിടെ എത്തിയിരുന്നു. ഇതോടെ ഷിഫ്റ്റ് സംവിധാനം ഏർപ്പെടുത്തി.