മുൻ വർഷങ്ങളിലേക്കാൾ ചൂട് കൂടുതൽ
കൊല്ലം: വരാനിരിക്കുന്ന കൊടുംചൂടിന്റെ മുന്നറിയിപ്പായി വേനലെത്തും മുൻപേ പകലുകൾ വെന്തുരുകുന്നു. ജനുവരി ആദ്യവാരത്തോടെ തുടങ്ങിയ കൊടുംചൂട് ഫെബ്രുവരി അവസാന വാരത്തിലേക്ക് കടക്കുമ്പോൾ മുൻ വർഷങ്ങളിലെ കണക്കുകളെയും ഭേദിച്ചു. കഴിഞ്ഞവർഷം ഇതേ സമയം അനുഭവപ്പെട്ടതിനേക്കാൾ കൂടുതൽ ചൂടാണ് ജില്ലയുടെ പ്രധാന ഭാഗങ്ങളിലെല്ലാമുള്ളത്. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ താപനില ഇനിയും ഉയരുമെന്നാണ് പരിസ്ഥിതി ശാസ്ത്രജ്ഞരുടെ നിഗമനം.
പൊരിവെയിലത്ത് ഇറങ്ങുന്നവരുടെ ശരീരം സൂര്യാതപം ഏൽക്കും പോലെ പൊള്ളുകയാണ്.
വളർത്ത് മൃഗങ്ങളിൽ കരുതൽ വേണം
1-ചൂട് താങ്ങാതെ ദിവസങ്ങൾ പ്രായമുള്ള കാട കുഞ്ഞുങ്ങൾ ചത്തു
2- കാട, കോഴി കുഞ്ഞുങ്ങളെ പാർപ്പിക്കുന്ന കൂട്ടിൽ വായുസഞ്ചാരം ഉറപ്പാക്കണം
3- വളർത്ത് പക്ഷികൾക്കും മൃഗങ്ങൾക്കും കുടിക്കാൻ ധാരാളം വെള്ളം നൽകണം
4- പോത്ത്, പശു, ആട് എന്നിവയെ വെയിലത്ത് കെട്ടരുത്, വെയിലത്ത് മേയാൻ വിടരുത്
5- കനത്ത ചൂട് നേരിട്ടേറ്റാൽ കന്നുകാലികൾ ചാകാനിടയുണ്ട്
6- വളർത്ത് പട്ടികളെ വെയിലേൽക്കുന്ന ഭാഗത്ത് കെട്ടരുത്
''
കനത്ത ചൂട് ഉയരുന്നതിനാൽ വളർത്ത് മൃഗങ്ങളുടെ കാര്യത്തിൽ ശ്രദ്ധ വേണം. കരുതൽ ഇല്ലെങ്കിൽ ഇവ ചൂടേറ്റ് ചാകാനുള്ള സാദ്ധ്യതയുണ്ട്.
പി.അജിത്, വെറ്ററിനറി സർജൻ,
കൊല്ലം ജില്ലാ വെറ്ററിനറി കേന്ദ്രം
ഓണ വിപണിയിലേക്ക് വിളവിറക്കാനായില്ല
ഓണവിപണിയിലേക്ക് ആവശ്യമായ നേന്ത്രക്കുലകൾക്ക് വാഴ നടേണ്ട കാലത്താണ് കൊടും ചൂട് എത്തിയത്. കൃഷിയിറക്കാൻ കർഷകർക്കായിട്ടില്ല. കൃഷിയിടത്തിൽ വെള്ളമില്ലാത്തതിനാൽ കുലച്ച വാഴകൾ കൂട്ടത്തോടെ ഒടിഞ്ഞ് വീഴുന്നു. കല്ലട കനാലുകളിലൂടെ വെള്ളമെത്തിയ ഇടങ്ങളിൽ പോലും വേനൽ കടുപ്പത്തിൽ പിണ്ടി പഴുത്ത് വാഴകൾ നിലം പൊത്തി. വെള്ളപ്പൊക്കവും വരൾച്ചയും ഒരു പോലെ കർഷകെ ബാധിക്കുന്നതിനാൽ ലക്ഷങ്ങളുടെ നഷ്ടമാണ് ജില്ലയുടെ കാർഷിക മേഖലയിലുണ്ടാകുന്നത്.
കല്ലട കനാൽ നാടാകെ ഒഴുകണം
കല്ലട ജലസേചന പദ്ധതിയുടെ ഇടതുകര, വലതുകര കനാലുകൾ തുറന്നെങ്കിലും മിതമായ തോതിലാണ് ജലവിതരണം. കൃത്യമായ അറ്റകുറ്റപണി നടക്കാത്തതിനാൽ പലയിടത്തും കനാൽ പൊട്ടിയിരുന്നു. നാടെങ്ങും ജലവിതരണമെന്ന ലക്ഷ്യം പൂർത്തീകരിക്കാൻ കല്ലട പദ്ധതിക്ക് ഇപ്പോഴുമായിട്ടില്ല. കനാലിന്റെ നീളം കൂട്ടണമെന്ന ആവശ്യത്തിലാണ് ജനങ്ങൾ. വേനൽ കാലത്തെ വിതരണത്തിനുള്ള ജലം പരപ്പാർ അണക്കെട്ടിലുണ്ടെന്നാണ് ഔദ്യോഗിക വിശദീകരണം.
വാട്ടർ കിയോസ്‌കുകൾ സജ്ജമാകുന്നു
കുടിവെള്ളക്ഷാമം സംബന്ധിച്ച റിപ്പോർട്ട് എല്ലാ ദിവസവും തഹസീൽദാർമാരിൽ നിന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ശേഖരിക്കുന്നുണ്ട്. ആവശ്യമെങ്കിൽ ടാങ്കറുകളിൽ കുടിവെള്ള വിതരണം നടത്തും. ജില്ലയിൽ രണ്ടുവർഷം മുൻപ് വിതരണം ചെയ്‌ത 255 വാട്ടർ കിയോസ്‌കുകളുടെയും നിലവിലെ സ്ഥിതി അറിയിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം നൽകി.
വിവിധ സ്ഥലങ്ങളിലെ ഇന്നലത്തെ താപനില
(ഡിഗ്രി സെൽഷ്യൽസിൽ )
കൊല്ലം നഗരം: 32
കൊട്ടാരക്കര: 36
പുനലൂർ: 37
കരുനാഗപ്പള്ളി: 33
ചടയമംഗലം: 37
ശാസ്‌താംകോട്ട: 33
വെയിലേറ്റ് പൊള്ളരുത്
1- രാവിലെ 11 മുതൽ വൈകിട്ട് 3 വരെ വെയിലേൽക്കരുത്
2- കട്ടി കുറഞ്ഞ ഇളം നിറത്തിലുള്ള വസ്ത്രം ധരിക്കണം
3- ദാഹമില്ലെങ്കിലും ഇടയ്ക്കിടെ വെള്ളം കുടിക്കണം
4- സൂര്യാതപ സാദ്ധ്യത ഏറെയാണ്
5- കുഞ്ഞുങ്ങളെ വെയിലത്ത് കളിക്കാൻ വിടരുത്