കൊല്ലം: തെരുവുനായ നിയന്ത്രണത്തിന് നഗരസഭയുടെ നേതൃത്വത്തിൽ സ്ഥിരം സംവിധാനം ഏർപ്പെടുത്തുമെന്ന് മേയർ ഹണി ബഞ്ചമിൻ. മൃഗസംരക്ഷണ വകുപ്പും ഇന്ത്യൻ വെറ്ററിനറി അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച ലോക മൃഗവന്ധീകരണ ദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മേയർ. ശസ്ത്രക്രിയാ ക്യാമ്പുകൾക്ക് പുറമേ നായ്ക്കളെ പാർപ്പിക്കാൻ സ്ഥിരം കെന്നലുകൾ കോർപ്പറേഷൻ ഏർപ്പെടുത്തും. വർഷം മുഴുവൻ പ്രവർത്തിക്കുന്ന സ്ഥിരം സംവിധാനത്തിൽ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കും. ഓരോ വർഷവും ജില്ലയിൽ 15,000 നായ്ക്കളെ ജനന നിയന്ത്രണ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കും. അഞ്ചുവർഷം കൊണ്ട് ജില്ലയെ പേവിഷ വിമുക്തമാക്കി വളർത്ത് നായ്ക്കൾക്ക് ലൈസൻസും ഏർപ്പെടുത്തുമെന്ന് മേയർ പറഞ്ഞു.
ഇന്ത്യൻ വെറ്ററിനറി അസോ. സംസ്ഥാന പ്രസിഡന്റ് ഡോ.കെ.കെ.തോമസ് ആദ്ധ്യക്ഷനായി. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.ഡോളിമോൾ, ഡെപ്യൂട്ടി ഡയറക്ടർ ഡോ.എസ്.ലതാകുമാരി, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ബിനുൻ വാഹിദ്, റസി. അസോ. പ്രസിഡന്റ് സലിം നാരായണൻ, മൃഗസംരക്ഷണ വകുപ്പ് അസി.ഡയറക്ടർ ഡോ.ഡി.ഷൈൻകുമാർ, ഡോ.ഷാജി റഹ്‌മാൻ എന്നിവർ സംസാരിച്ചു. ശസ്ത്രക്രിയ ക്യാമ്പുകൾക്ക് ഡോ.സജയ് കുമാർ നേതൃത്വം നൽകി.