a
കൽച്ചിറ തടയണ നിർമാണം പുനഃരാരംഭിച്ചപ്പോൾ

എഴുകോൺ: നെടുമൺകാവ് ആറിന് കുറുകെയുള്ള കൽച്ചിറ തടയണയുടെ നിർമ്മാണം പുനരാരംഭിച്ചു. കരീപ്ര പഞ്ചായത്തിൽ കുടിവെള്ളം വിതരണം ചെയ്യുന്ന കൽച്ചിറ പദ്ധതിയുടെ ഭാഗമായിട്ടാണ് തടയണ നിർമ്മിക്കുന്നത്.

ഇതിന്റെയും അനുബന്ധ പാലത്തിന്റെയും നിർമ്മാണം മാസങ്ങളായി മുടങ്ങിക്കിടക്കുകയായിരുന്നു. ഇതാണ് പുനരാരംഭിക്കുന്നത്. തടയണ നിർമ്മിക്കുന്നതോടെ ആറ്റിൽ സ്ഥാപിച്ചിരിക്കുന്ന കുടിവെള്ള പദ്ധതിയുടെ കിണറുകളിൽ വേനൽകാലത്തും വെള്ളം ലഭിക്കും. നിലവിൽ വേനലിൽ വെള്ളമില്ലാത്ത‌ സാഹചര്യമാണ്.

കൂടാതെ പരിസരത്തെ വീടുകളിലെ കിണറുകളിലും കൃഷിയിടങ്ങളിലും വെള്ളം ലഭിക്കുന്നതിനും തടയണ സഹായമാകും. ചെറുകിട ജലവിഭവ വകുപ്പിന്റെ 60 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമ്മാണം. തടയണയ്ക്ക് മീതെ നിർമിക്കുന്ന പാലം കരീപ്ര, വെളിയം പഞ്ചായത്തുകളെ ബന്ധിപ്പിക്കും. വെളിയം. കലയക്കോട്, ചൂരക്കോട് ഭാഗങ്ങളിലുള്ളവർക്ക് നെടുമൺകാവ് ജംഗ്ഷനിൽ വേഗത്തിൽ എത്തിച്ചേരാൻ പാലം സഹായകമാകും. ഒന്നര മീറ്റർ വീതിയിൽ നിർമ്മാണം നടത്താൻ ഇരുന്ന പാലം നാട്ടുകാരുടെ അഭ്യർഥനയെ തുടർന്ന് വാഹനം കടന്നു പോകുന്ന തരത്തിൽ വീതി വർദ്ധിപ്പിച്ചിട്ടുണ്ട്.