അഞ്ചൽ: പഠനത്തോടൊപ്പം രോഗികളെ പരിചരിക്കാൻ സന്നദ്ധരായി അഞ്ചൽ സെന്റ് ജോൺസ് കോളേജിലെ വിദ്യാർത്ഥികൾ. കോളേജിലെ നാഷണൽ സർവീസ് സ്കീമിന്റെയും അഞ്ചൽ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിലാണ് വിദ്യാർത്ഥികൾക്ക് പാലിയേറ്റീവ് കെയറിൽ പരിശീലനം നൽകിയത്.
അഞ്ചൽ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ പാലിയേറ്റീവ് സെന്ററിലാണ് 25 വിദ്യാർത്ഥികൾക്ക് രണ്ടാം ഘട്ടമായി പരിശീലനം നൽകിയത്. വീടുകളിൽ മറ്റാരും പരിചരിക്കാനില്ലാതെ കഷ്ടപ്പെടുന്ന രോഗികളെ വീട്ടിലെത്തി ശുശ്രൂഷിക്കുന്നതിനാണ് മുൻഗണന നൽകുന്നത്. കോളേജ് പ്രിൻസിപ്പൽ ഫാ. ജി. ജോൺസൺ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ അനു വർഗീസ്, ഷിജോ വി. വർഗീസ്, വോളണ്ടിയർ സെക്രട്ടറിമാരായ അഭിഷേക്, ആൻസി, എന്നിവർ നേതൃത്വം നൽകി.