കുണ്ടറ: ഏറെ നാളത്തെ ദുരിതത്തിനും ആശങ്കകൾക്കും വിരാമമിട്ട് കേരളപുരം - മാമ്പുഴ റോഡിന്റെ പുനർനിർമ്മാണം ആരംഭിച്ചു. ഞാങ്കടവ് കുടിവെള്ള പദ്ധതിയുടെ പൈപ്പിടുന്നതിനായി വെട്ടിപ്പൊളിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും പുനർനിർമ്മിക്കാത്ത റോഡിന്റെ നിർമ്മാണമാണ് മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മയുടെ ഇടപെടലിലൂടെ പുനരാരംഭിച്ചത്.
കേരളകൗമുദിയുടെ ഇടപെടൽ
കേരളപുരം - മാമ്പുഴ റോഡിന്റെ പുനർനിർമ്മാണം പാതിവഴിയിയിൽ മുടങ്ങിയതിനെ സംബന്ധിച്ച് ഈ മാസം 19ന് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. മെറ്റലിന്റെ ലഭ്യതക്കുറവ് മൂലമാണ് നിർമ്മാണം വൈകുന്നതെന്നും മേയ് മാസത്തോടെ എല്ലാ റോഡുകളുടെയും നിർമ്മാണം പൂർത്തിയാക്കുമെന്നും മന്ത്രി ജെ. മേഴ്‌സിക്കുട്ടിഅമ്മ ഉറപ്പ് നൽകിയിരുന്നു. ഇതേതുടർന്നാണ് റോഡിന്റെ പുനർനിർമ്മാണം ആരംഭിച്ചത്.
നിലവിൽ പുരോഗമിക്കുന്ന പണികൾ
ടാറിംഗ് തുടങ്ങും, 15 ദിവസത്തിനുള്ളിൽ
ബി.എം ആൻഡ് ബി.സി നിലവാരത്തിൽ റോഡ് വികസിപ്പിക്കുന്നതിന്റെ ഭാഗമായി നിലവിലുള്ള ടാറിംഗ് ഇളക്കി റോൾ ചെയ്ത് ഉറപ്പിക്കുന്ന ജോലികളാണ് ഇപ്പോൾ നടക്കുന്നത്. കേരളപുരം മുതൽ മാമ്പുഴ വഴി സാരഥി ജംഗ്ഷൻ വരെയുള്ള റോഡിന്റെ ടാർ ഇളക്കി ലെവൽ ചെയ്യുന്നത് ഏകദേശം പത്ത് ദിവസം കൊണ്ട് പൂർത്തിയാകുമെന്നാണ് പ്രതീഷിക്കുന്നത്. മറ്റ് തടസങ്ങൾ ഇല്ലെങ്കിൽ 15 ദിവസത്തിനുള്ളിൽ ടാറിംഗ് ആരംഭിക്കുമെന്ന് പി.ഡബ്ലിയു.ഡി എ.ഇ ഷാജി പറഞ്ഞു.
ദുരിതത്തിന് അറുതിയാകുന്നു
ഞാങ്കടവ് കുടിവെള്ള പദ്ധതിക്കായി പൈപ്പുകൾ സ്ഥാപിക്കുന്നതിനായി കുഴിയെടുത്തതോടെയാണ് കേരളപുരം - മാമ്പുഴ റോഡിലെ വ്യാപാരികളുടെയും സ്ഥലവാസികളുടെയും ദുരിതം തുടങ്ങിയത്. പുനർനിർമ്മാണത്തിന്റെ ഭാഗമായി മെറ്റലും പാറപ്പൊടിയും നിരത്തിയതോടെ റോഡിൽ നിന്നുയർന്ന പൊടിശല്യം മൂലം പ്രദേശവാസികൾ ദുരിതത്തിലായിരുന്നു. വ്യാപാരസ്ഥാപനങ്ങൾ പലതും അടച്ചിടേണ്ട സാഹചര്യവുമുണ്ടായി. കാൽനടയാത്ര പോലും ദുസഹമായതോടെ നാട്ടുകാർ പ്രതിഷേധവുമായി എത്തിയെങ്കിലും അധികൃതർ നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് കേരളകൗമുദി നിരന്തരം വാർത്ത പ്രസിദ്ധീകരിച്ചത്. ഇതേതുടർന്ന് വിഷയത്തിൽ മന്ത്രി ഇടപെട്ട് റോഡിന്റെ പുനർനിർമ്മാണം ആരംഭിച്ചതോടെ നാട്ടുകാരും വ്യാപാരികളും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.