കുന്നത്തൂരിൽ ദേശസാൽകൃത ബാങ്കില്ലാത്ത ഏക പഞ്ചായത്താണ് ശൂരനാട് തെക്ക്
ശാസ്താംകോട്ട: ശൂരനാട് തെക്ക് പഞ്ചായത്തിൽ ദേശസാൽകൃത ബാങ്ക് വേണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാകുന്നു. കുന്നത്തൂരിൽ ദേശസാൽകൃത ബാങ്കില്ലാത്ത ഏക പഞ്ചായത്താണ് ശൂരനാട് തെക്ക്. പഞ്ചായത്ത് ഒാഫീസ്, വില്ലേജ് ഓഫീസ്, സർക്കാർ ആശുപത്രികൾ, കൃഷിഭവൻ, സ്കൂളുകൾ, സപ്ലൈകോ സൂപ്പർ മാക്കറ്റ് എന്നിവ ഉൾപ്പടെ നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന ശൂരനാട് തെക്ക് ഗ്രാമ പഞ്ചായത്തിലെ പതാരം ജംഗ്ഷനിൽ എസ്.ബി.ഐയുടെ ശാഖ അനുവദിച്ചെങ്കിലും ഉന്നത ഇടപെടൽ മൂലം ചക്കുവള്ളിയിലേക്ക് മാറ്റുകയായിരുന്നു. ശൂരനാട് തെക്ക് പഞ്ചായത്തിന്റെ കേന്ദ്രമായ പതാരത്ത് ദേശസാൽകൃത ബാങ്ക് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട്
ജനകീയ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാർ.
ബസ് സർവീസ് കുറവ്
ശൂരനാട് തെക്ക് പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലൂടെ ബസ് സർവീസ് കുറവായതിനാൽ ഭരണിക്കാവ്, ചക്കുവള്ളി, കരുനാഗപ്പള്ളി, ശാസ്താംകോട്ട എന്നിവിടങ്ങളിലെ ബാങ്കുകളിലെത്താൻ വലിയ തുക ഓട്ടോ, ടാക്സി കൂലിയായി നൽകേണ്ട സ്ഥിതിയാണെന്ന് പ്രദേശവാസികൾ പറയുന്നു. പെൻഷൻ വാങ്ങുന്നതിനും മറ്റും ബാങ്കുകളെ ആശ്രയിക്കുന്നവരാണ് കൂടുതൽ ദുരിതത്തിലാകുന്നത്.
പണമിടപാട് ബാങ്ക് വഴി മാത്രം
സ്കൂളുകളിൽ നിന്ന് വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന സ്കോളർഷിപ്പുകളും സർക്കാരിൽ നിന്ന് പൊതുജനങ്ങൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളുമെല്ലാം ഇക്കാലത്ത് ബാങ്കുകളിലൂടെ മാത്രമാണ് ലഭിക്കുന്നത്. കിട്ടുന്ന ആനുകൂല്യത്തെക്കാൾ കൂടുതൽ യാത്രാക്കൂലി കൊടുക്കേണ്ട സ്ഥിതിയാണ് നിലവിലുള്ളതെന്ന് വിവിധ ബാങ്കുകളിലെ ഉപഭോക്താക്കൾ പറയുന്നു.
വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാരും വിദ്യാർത്ഥികളും ഉൾപ്പെടെയുള്ളവർ ബാങ്കിംഗ് ഇടപാടുകൾ നടത്തുന്നതിനായി കിലോമീറ്ററുകൾ അകലെയുള്ള ഭരണിക്കാവ്, ചക്കുവള്ളി, കരുനാഗപ്പള്ളി, ശാസ്താംകോട്ട എന്നിവിടങ്ങളിലെ ബാങ്കുകളെയാണ് ആശ്രയിക്കുന്നത്.