കരുനാഗപ്പള്ളി : പൊലീസ് സ്റ്റേഷനു പടിഞ്ഞാറുവശമുള്ള റൂറൽ ഹൗസിംഗ് സൊസൈറ്റി കെട്ടിടത്തിൽ താലൂക്ക് ലൈബ്രറി കൗൺസിൽ ഓഫീസ് പ്രവർത്തനം ആരംഭിച്ചു. വയലാറിനെപ്പറ്റി ഭാര്യ ഭാരതി തമ്പുരാട്ടി എഴുതിയ ഇന്ദ്രധനുസിൻ തീരത്ത് എന്ന പുസ്തകം മകനും ഗാനരചയിതാവുമായ വയലാർ ശരത്ചന്ദ്രവർമ്മ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാറിന് കൈമാറിക്കൊണ്ടാണ് ഒാഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചത്. മലയാള ഭാഷയെ കൂടുതൽ അറിയാനും സ്നേഹിക്കാനും പുതിയ തലമുറയ്ക്ക് കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. ലോകമെങ്ങുമുള്ള മലയാളികൾ ഭാഷയെ സ്നേഹിക്കുമ്പോഴും നമ്മൾ മലയാളത്തെ മറക്കുകയാണ്. ഭാഷയെ കൂടുതൽ മനസിലാക്കാനുള്ള പദ്ധതികൾ ലൈബ്രറി കൗൺസിലുകൾ ഏറ്റെടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. താലൂക്ക് പ്രസിഡന്റ് അഡ്വ. പി.ബി. ശിവൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കൗൺസിൽ അംഗം വി.പി. ജയപ്രകാശ് മേനോൻ താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ഉപഹാരം വയലാർ ശരത്ചന്ദ്രവർമ്മയ്ക്ക് നൽകി. താലൂക്ക് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ എം. സുരേഷ് കുമാർ, സി. രഘുനാഥ്, എം. ഗോപാലകൃഷ്ണ പിള്ള, ജില്ലാ കൗൺസിൽ അംഗങ്ങളായ എ. പ്രദീപ്, ജി. രവീന്ദ്രൻ, സൈന്ധവ അജിത്ത്, നഗരസഭാ വൈസ് ചെയർമാൻ ആർ. രവീന്ദ്രൻ പിള്ള, കൗൺസിലർമാരായ സി. വിജയൻ പിള്ള, എൻ.സി. ശ്രീകുമാർ, റൂറൽ ഹൗസിംഗ് സഹ. സംഘം പ്രസിഡന്റ് വി. രാജശേഖരനുണ്ണിത്താൻ, സുരേഷ് പാലക്കോട്ട് തുടങ്ങിയവർ പങ്കെടുത്തു. വി. വിജയകുമാർ സ്വാഗതവും പി.കെ. ഗോപാലകൃഷ്ണൻ നന്ദിയും പറഞ്ഞു.