പുതിയ വീടുകളിലേക്ക് പോകാത്തവരുടെ വീടുകൾ പൊളിക്കുന്നത് കളക്ടറുടെ വാദത്തിന് ശേഷം
കൊല്ലം: റെയിൽവേ സ്റ്റേഷന് മുമ്പിലെ അലക്കുകുഴി കോളനിയിലെ ആൾ താമസമില്ലാത്ത വീടുകൾ നഗരസഭ പൊളിച്ചുനീക്കി. നഗരസഭയുടെ നേതൃത്വത്തിൽ മുണ്ടയ്ക്കലിൽ വീടുകൾ നിർമ്മിച്ച് ഇവിടുത്തെ താമസക്കാരെ അവിടേക്ക് പുനരധിവസിപ്പിച്ചിരുന്നു. കോളനിയിൽ നിന്ന് മുണ്ടയ്ക്കലിലെ പുതിയ വീടുകളിലേക്ക് പോകാത്ത മൂന്ന് കുടുംബങ്ങൾ താമസിക്കുന്ന വീടുകൾ കളക്ടറുടെ വാദം കേൾക്കലിന് ശേഷം മാത്രമേ പൊളിക്കൂ.
ചെറുമഴ പെയ്‌താൽ പോലും വെള്ളം കയറി ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം തേടേണ്ട സ്ഥിതിയിലായിരുന്നു ഇവിടുത്തെ കുടുംബങ്ങൾ. തുടർന്നാണ് നഗരസഭ ഇടപെട്ട് കുടുംബങ്ങൾക്കെല്ലാം വീടും വസ്‌തുവും നൽകി പുനരധിവസിപ്പിച്ചത്. മുണ്ടയ്ക്കലിലെ പുതിയ വീടുകളിലേക്ക് താമസം മാറിയവരിൽ പലരും അലക്ക് കുഴി കോളനിയിലെ അവരുടെ പഴയ വീടുകൾ സ്വമേധയാ പൊളിച്ച് നീക്കിയിരുന്നു. ശേഷിക്കുന്ന വീടുകൾ പൊളിക്കാനാണ് ഇന്നലെ ഉച്ചയ്‌ക്ക് രണ്ടരയോടെ നഗരസഭ ഉദ്യോഗസ്ഥർ എത്തിയത്.
മാറില്ലെന്നും നിലപാട്
കോളനിയിൽ തുടരുന്ന കുടുംബങ്ങളിലെ ഒരാളെ മുണ്ടയ്‌ക്കലിലെ പുവർ ഹോമിലേക്ക് മാറ്റും. പതിറ്റാണ്ടുകളായി താമസിക്കുന്ന സ്ഥലത്ത് നിന്ന് മാറില്ലെന്നാണ് ഒഴിയാതെ നിൽക്കുന്നവരുടെ നിലപാട്.
അലക്കുകുഴി കോളനി ഇനി മൾട്ടിലെവൽ പാർക്കിംഗ് കേന്ദ്രം
10 കോടി രൂപയുടെ പദ്ധതി
അലക്കുകുഴി കോളനിയിൽ മൾട്ടി ലെവൽ പാർക്കിംഗ് കേന്ദ്രം നിർമ്മിക്കാനാണ് നഗരസഭ ലക്ഷ്യമിടുന്നത്. പാർക്കിംഗ് കേന്ദ്രം പൂർത്തിയാകുന്നതോടെ നഗരത്തിലെ പാർക്കിംഗ് അസൗകര്യങ്ങൾ പൂർണ്ണമായും മാറുമെന്നാണ് പ്രതീക്ഷ. പാർക്കിംഗ് കേന്ദ്രം നിർമ്മാണത്തിനായി പത്ത് കോടി രൂപയാണ് മാറ്റി വെച്ചിട്ടുള്ളത്. പ്രാരംഭ നടപടികൾ വൈകാതെ ആരംഭിക്കും.